ഇഡി ബിജെപിയുടെ വാലായി മാറി; കൊടകര കേസ് ശാസ്ത്രീയമായി എങ്ങനെ ഇല്ലാതാക്കാം എന്നതിന്റെ തെളിവാണ് കുറ്റപത്രം; കൊച്ചി ഇഡി ആസ്ഥാനത്തേക്ക് ഇന്ന് സിപിഎമ്മിന്റെ മാര്‍ച്ച്

കുഴല്‍പ്പണ കേസില്‍ ബിജെപി നേതാക്കളെ ഇഡി സംരക്ഷിക്കുകയാണെന്ന് ആരോപിച്ച് കൊച്ചി ഇഡി ആസ്ഥാനത്തേക്ക് സിപിഎം ഇന്ന് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കും. കൊടകര കേസ് ശാസ്ത്രീയമായി എങ്ങനെ ഇല്ലാതാക്കാം എന്നതിന്റെ തെളിവാണ് ഇഡിയുടെ ഇപ്പോഴത്തെ കുറ്റപത്രം.

ബിജെപിയുടെ വാലായി മാറിയ ഇഡി രാഷ്ട്രീയപ്രേരിത ഇടപെടലാണ് കൊടകര കുഴല്‍പ്പണ കേസില്‍ നടത്തിയിരിക്കുന്നത്. ബിജെപിക്കായി ചാര്‍ജ് ഷീറ്റ് മാറ്റിയെഴുതിയാണ് ഇഡി കോടതിയില്‍ എത്തിച്ചത്. കോടിക്കണക്കിന് രൂപ ബിജെപി ഓഫീസില്‍ എത്തിച്ചെന്ന് ബിജെപി തൃശൂര്‍ ജില്ലാ കമ്മിറ്റി ഓഫീസ് മുന്‍ സെക്രട്ടറി തിരൂര്‍ സതീഷിന്റെ മൊഴിയുണ്ടായിരുന്നു.

എന്നാല്‍ സതീഷിന്റെ മൊഴിയെടുക്കാന്‍ ഇഡി തയ്യാറായില്ല. ബിജെപിയെ കേസില്‍ നിന്ന് രക്ഷപ്പെടുത്തുക എന്ന ഒറ്റ ഉദ്ദേശത്തോടെയായിരുന്നു ഇഡിയുടെ ഇടപെടല്‍. ഇതോടെ ജനങ്ങളുടെ മുന്നില്‍ ഇഡി സ്വയം പരിഹാസ്യരായിരിക്കുകയാണ്. ഇഡിയുടെ ഇത്തരം പ്രവര്‍ത്തികള്‍ സിപിഎം പൊതുസമൂഹത്തില്‍ തുറന്നുകാണിക്കും.

രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ഇഡിയുടെ നീക്കങ്ങള്‍ക്കെതിരെ സംസ്ഥാന വ്യാപകമായി ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും. ഇഡി ഓഫീസ് മാര്‍ച്ചിന് പുറമെ ഇന്നും നാളെയും ബ്രാഞ്ച് – ലോക്കല്‍ – ഏരിയ – ജില്ല തലങ്ങളില്‍ ശക്തമായ ജനകീയ പ്രതിരോധവും സംഘടിപ്പിക്കുമെന്ന് സിപിഎം വ്യക്തമാക്കി.