മോദിയുടെ വിജയത്തിന് തിളക്കമില്ല; കേരളത്തില്‍ സിപിഎമ്മിന് തല്‍സ്ഥിതി നിലനിര്‍ത്താനായി; തൃശൂരില്‍ ബിജെപിക്ക് വിജയം ആവര്‍ത്തിക്കാനാവില്ലെന്ന് സിപിഎം

പതിനെട്ടാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേവലഭൂരിപക്ഷം നേടാന്‍ മോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎക്ക് കഴിഞ്ഞെങ്കിലും ആ വിജയത്തിന് തിളക്കമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ഭൂരിപക്ഷം നേടാനായില്ലെങ്കിലും ‘ഇന്ത്യ കൂട്ടായ്മ’യാണ് വന്‍ വിജയം നേടിയതെന്ന് പൊതുവെ വിലയിരുത്തപ്പെടുന്നു. ഇതിന് പ്രധാനകാരണം മൂന്നാമതും വിജയം നേടാന്‍ ബിജെപിയും പ്രധാനമന്ത്രിയും സ്വീകരിച്ച ജനാധിപത്യവിരുദ്ധ മാര്‍ഗങ്ങളാണ്. ഭരണഘടനയ്ക്ക് വിരുദ്ധമായി ഇലക്ടറല്‍ ബോണ്ടിലൂടെ നേടിയ കോടിക്കണക്കിനു രൂപ ഉപയോഗിച്ച് ഓരോ മണ്ഡലത്തിലും പണമൊഴുക്കാന്‍ ബിജെപി തയ്യാറായി. രാജ്യത്തെ മുഖ്യധാരാമാധ്യമങ്ങളെന്ന് വിളിക്കപ്പെടുന്ന ‘മടിത്തട്ട് മാധ്യമങ്ങള്‍’ പൂര്‍ണമായും പ്രധാനമന്ത്രിയെയും ബിജെപിയെയും പിന്തുണച്ചു. പ്രധാനമന്ത്രിതന്നെ ഉയര്‍ത്തിയ ‘ഇക്കുറി 400 സീറ്റ് കടക്കുമെന്ന’ പ്രചാരണം ഈ മാധ്യമങ്ങള്‍ ഏറ്റുപാടി.

ഇത് സ്ഥിരീകരിക്കുന്ന ഒരു ഡസനോളം എക്സിറ്റ് പോളുകളും ഈ മാധ്യമങ്ങള്‍ ആഘോഷിച്ചു. എല്ലാ ഭരണഘടനാ സ്ഥാപനങ്ങളെയുംപോലെ തെരഞ്ഞെടുപ്പ് കമീഷനെയും മോദിയുടെ വിനീതദാസനാക്കി അധഃപതിപ്പിച്ചു. ഇഡി, സിബിഐ എന്നീ ഏജന്‍സികളെ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ വേട്ടയാടുകയും രണ്ടു മുഖ്യമന്ത്രിമാരെ ജയിലിലടയ്ക്കുകയും ചെയ്തു. അതായത്, തെരഞ്ഞെടുപ്പില്‍ മൂന്നാംവിജയം ഉറപ്പാക്കാന്‍ എല്ലാ ജനാധിപത്യ വിരുദ്ധ മാര്‍ഗങ്ങളും സ്വീകരിച്ചിട്ടും ബിജെപിക്ക് തനിച്ച് ഭൂരിപക്ഷം നേടാനായില്ല. വിജയിച്ചിട്ടും പരാജയപ്പെട്ട സഖ്യമാണ് എന്‍ഡിഎ എന്നു പറയുന്നത് ഇതിനാലാണ്. മോദിയും ബിജെപിയും സൃഷ്ടിച്ച എണ്ണമറ്റ പ്രതിസന്ധികള്‍ അതിജീവിച്ച് ഇന്ത്യ കൂട്ടായ്മ ബിജെപിക്ക് ഒപ്പമെത്തിയത് കണ്ണഞ്ചിപ്പിക്കുന്ന വിജയം ആകുന്നതും ഇതിനാലാണ്. ബിജെപിയുമായി നേരിട്ട് ഏറ്റുമുട്ടുന്ന സംസ്ഥാനങ്ങളില്‍ (മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, ഗുജറാത്ത്, കര്‍ണാടകം) കോണ്‍ഗ്രസ് മെച്ചപ്പെട്ട പ്രകടനം കാഴ്ചവച്ചിരുന്നെങ്കില്‍ ഇന്ത്യകൂട്ടായ്മതന്നെ വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വരുമായിരുന്നു.

ജനാധിപത്യത്തിന്റെ കേന്ദ്രബിന്ദു ജനങ്ങളാണ്. എന്നും ജനാധിപത്യം അപകടത്തിലാകുമ്പോള്‍ അതിന് കാരണക്കാരായവരെ ജനങ്ങള്‍ ശിക്ഷിക്കുമെന്നും മോദിയുടെ പതനം ആവര്‍ത്തിച്ച് തെളിയിക്കുന്നു. 1977ല്‍ അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയ കോണ്‍ഗ്രസിനെതിരെ വിധിയെഴുതിയ ജനങ്ങള്‍ ഇക്കുറി മോദിയുടെ സ്വേച്ഛാധിപത്യ നീക്കങ്ങള്‍ക്കെതിരെയും വിധിയെഴുതി. വര്‍ഗീയ ധ്രുവീകരണത്തിലൂടെ എല്ലാക്കാലത്തും തെരഞ്ഞെടുപ്പ് വിജയം കൊയ്യാനാകില്ലെന്ന മുന്നറിയിപ്പും ജനങ്ങള്‍ ഇക്കുറി മോദിക്ക് നല്‍കി. ഒന്നാംഘട്ട വോട്ടെടുപ്പില്‍ത്തന്നെ പരാജയം മണത്ത മോദി തുടര്‍ന്ന് തനി വര്‍ഗീയപ്രചാരണമാണ് നടത്തിയത്. മുസ്ലിങ്ങള്‍ നുഴഞ്ഞുകയറ്റക്കാരാണെന്നും കൂടുതല്‍ കുട്ടികളെ വളര്‍ത്തുന്നവരാണെന്നും പറഞ്ഞ മോദി രാജ്യത്തിന്റെ സമ്പത്ത് മുസ്ലിങ്ങള്‍ക്കായി നല്‍കാനാണ് ഇന്ത്യ കൂട്ടായ്മ ശ്രമിക്കുന്നതെന്നും ആരോപിച്ചു. ശ്രീരാമ വിരുദ്ധ പട്ടവും മോദി പ്രതിപക്ഷത്തിന് ചാര്‍ത്തി നല്‍കി. എന്നാല്‍, ഇതുകൊണ്ടൊന്നും ബിജെപിക്ക് രക്ഷപ്പെടാനായില്ല. മോദി നേരിട്ട് പ്രാണപ്രതിഷ്ഠ നടത്തിയിട്ടും അയോധ്യ ഉള്‍പ്പെടുന്ന ഫൈസാബാദില്‍ ബിജെപിക്ക് ജയിക്കാനായില്ല. ശ്രീരാമനുമായി ബന്ധപ്പെട്ട ചിത്രകൂടിലും ബിജെപി തോറ്റു. ഇത് ബോധ്യപ്പെടുത്തുന്നത് ബിജെപിയുടെ വര്‍ഗീയ ധ്രുവീകരണ തന്ത്രം ജനം തള്ളിയെന്നാണ്. സിപിഐ എം പൊളിറ്റ്ബ്യൂറോ ചൂണ്ടിക്കാട്ടിയതുപോലെ ജനാധിപത്യത്തിനും ഭരണഘടനയ്ക്കും ജീവനോപാധികള്‍ക്കും നേരെ നടക്കുന്ന എല്ലാ ആക്രമണങ്ങള്‍ക്കും എതിരായുള്ള പോരാട്ടങ്ങളെ ജനങ്ങള്‍ പിന്തുണയ്ക്കുമെന്ന സന്ദേശവും ഈ തെരഞ്ഞെടുപ്പ് ഫലം നല്‍കുന്നുണ്ട്.

ബിജെപിയുടെ തട്ടകമായി അറിയപ്പെടുന്ന വടക്ക്– പടിഞ്ഞാറന്‍ ഇന്ത്യയിലാണ് അവര്‍ക്ക് വലിയ സീറ്റ് നഷ്ടമുണ്ടായത് എന്നതില്‍നിന്നും ഈ വസ്തുത കൂടുതല്‍ വ്യക്തമാകുന്നു. വടക്കേ ഇന്ത്യയില്‍ 2.3 ശതമാനവും പടിഞ്ഞാറന്‍ ഇന്ത്യയില്‍ 14.4 ശതമാനവും വോട്ടാണ് ബിജെപിക്ക് നഷ്ടമായത്. പ്രധാനമായും ഉത്തര്‍പ്രദേശിലും മഹാരാഷ്ട്രയിലും ബിജെപിക്ക് കനത്ത പ്രഹരം ലഭിച്ചു. ഭരണഘടന മാറ്റിയെഴുതാനാണ് നാനൂറിലധികം സീറ്റ് ബിജെപി നേടാന്‍ ശ്രമിച്ചതെന്ന് മനസ്സിലാക്കിയ ആദിവാസികളും ദളിതരും ന്യൂനപക്ഷവും വര്‍ധിച്ചതോതില്‍ ഇന്ത്യ കൂട്ടായ്മയെ പിന്തുണച്ചു. ബിഎസ്പിക്ക് സീറ്റ് ലഭിക്കാത്തതും വോട്ട് ശതമാനം കുറഞ്ഞതും ഇതാണ് സൂചിപ്പിക്കുന്നത്.
മോദിയുടെ വര്‍ഗീയ പ്രചാരണത്തില്‍ വീഴാതെ ജനകീയവിഷയങ്ങള്‍ ഉയര്‍ത്തിയുള്ള ഇന്ത്യ കൂട്ടായ്മയുടെ പ്രചാരണവും ബിജെപിയുടെ പരാജയത്തിനു കാരണമായി. തൊഴിലില്ലായ്മ, വിലക്കയറ്റം, കാര്‍ഷിക പ്രതിസന്ധി എന്നീ വിഷയങ്ങള്‍ സജീവമായി ഉയര്‍ത്തിയപ്പോള്‍ മോദിയുടെ വര്‍ഗീയപ്രചാരണങ്ങളും വൈകാരികവിഷയങ്ങളും ജനങ്ങളില്‍ ഏശിയില്ല. മൂന്ന് വിവാദ കാര്‍ഷിക ബില്ലുകള്‍ക്കെതിരെ സമരം നയിച്ച കര്‍ഷകരും ബിജെപി സര്‍ക്കാരിനെതിരെ ജനങ്ങളെ അണിനിരത്തുന്നതില്‍ വലിയ പങ്കുവഹിച്ചു. രാജസ്ഥാന്‍, ഹരിയാന, പഞ്ചാബ്, പശ്ചിമ യുപി എന്നിവിടങ്ങളില്‍ ബിജെപിക്ക് അടി തെറ്റിയത് കര്‍ഷകരോഷത്തിന്റെ ഫലമാണ്. രാജസ്ഥാനില്‍നിന്ന് കര്‍ഷകനേതാവും സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗവുമായ അമ്രാറാം വിജയിച്ചത് ഇതിന്റെ പ്രതിഫലനമാണ്. കാല്‍നൂറ്റാണ്ടിനുശേഷം ആദ്യമായാണ് സിപിഐ എമ്മിന് ഹിന്ദി ഭാഷാസംസ്ഥാനത്തുനിന്ന് ഒരു ലോക്സഭാംഗമുണ്ടാകുന്നത്. (1989 നുശേഷം) ഇടതുപക്ഷം ഇക്കുറി സീറ്റ് ഇരട്ടിയോളം വര്‍ധിപ്പിക്കുകയും ചെയ്തു. സിപിഐ എം മൂന്നില്‍നിന്ന് നാലു സീറ്റായി വര്‍ധിപ്പിച്ചു. സിപിഐക്കും സിപിഐ എം എല്ലിനും രണ്ടുവീതം സീറ്റ് ലഭിച്ചു. സിപിഐ എം എല്‍ രണ്ടു സീറ്റും നേടിയത് ഹിന്ദിമേഖലയിലെ ബിഹാറില്‍നിന്നാണ്.

ഈ തെരഞ്ഞെടുപ്പിന്റെ മറ്റൊരു പ്രത്യേകത ഫെഡറല്‍ സംവിധാനം ശക്തിപ്പെടുത്താന്‍ സഹായിക്കുന്ന ജനവിധിയാണ് ഉണ്ടായതെന്നാണ്. അധികാരം ഒരു വ്യക്തിയിലും കക്ഷിയിലും കേന്ദ്രീകരിച്ചപ്പോള്‍ പ്രതിപക്ഷം നയിക്കുന്ന എല്ലാ സംസ്ഥാന സര്‍ക്കാരുകളും സാമ്പത്തികമായും രാഷ്ട്രീയമായും വേട്ടയാടലിന് വിധേയരായി. കേരളത്തിലെ പിണറായി വിജയന്‍ സര്‍ക്കാരിന് അര്‍ഹമായ 60,000 കോടി രൂപയോളമാണ് കേന്ദ്രം തടഞ്ഞുവച്ചത്. ഫെഡറല്‍സ്വഭാവത്തെ ഇല്ലാതാക്കാന്‍ ലക്ഷ്യമിട്ടുള്ള നാനൂറിലധികം സീറ്റ് എന്ന മുദ്രാവാക്യമാണ് ബിജെപി ഉയര്‍ത്തിയതെങ്കിലും ജനങ്ങള്‍ വിധിയെഴുതിയത് കൂട്ടുകക്ഷി സര്‍ക്കാരിന് അനുകൂലമായാണ്. സ്വാഭാവികമായും സമവായത്തിന്റെ പാത സ്വീകരിക്കാന്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വരുന്നവര്‍ നിര്‍ബന്ധിതമാകുമെന്ന് പ്രതീക്ഷിക്കാം.

കേന്ദ്രത്തില്‍ മോദിയുടെയും ബിജെപിയുടെയും തകര്‍ച്ച ആവേശകരമാണെങ്കിലും കേരളത്തില്‍ പ്രതീക്ഷയ്ക്കൊത്ത് ഉയരാന്‍ ഇടതുപക്ഷത്തിന് കഴിഞ്ഞില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റാണ് എല്‍ഡിഎഫിന് ലഭിച്ചത്. ഇക്കുറിയും ഒരു സീറ്റുമാത്രമാണ് ലഭിച്ചത്. 2019ല്‍ ആലപ്പുഴയാണെങ്കില്‍ ഇക്കുറി ആലത്തൂരാണെന്നുമാത്രം. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷവും കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫിനാണ് കേരളത്തില്‍ മുന്‍തൂക്കം ലഭിക്കാറുള്ളത്. 1984നു ശേഷം നടന്ന 11 ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഒന്‍പതു തവണയും യുഡിഎഫിനായിരുന്നു മുന്‍തൂക്കം. അടിയന്തരാവസ്ഥയ്ക്ക് എതിരെ ശക്തമായ പോരാട്ടം നടത്തിയ ഇടതുപക്ഷത്തിന് 1977ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഒരു സീറ്റുപോലും നേടാന്‍ കഴിഞ്ഞിരുന്നില്ലെന്ന് ഓര്‍മിപ്പിക്കട്ടെ. ഇപ്പോഴത്തെ തെരഞ്ഞെടുപ്പിലുണ്ടായ പരാജയം ചെറുതാണെന്ന് ചിത്രീകരിക്കാനല്ല ഈ കാര്യങ്ങള്‍ ഓര്‍മപ്പെടുത്തിയത്. ഇടതുപക്ഷം ഒരു സീറ്റില്‍മാത്രം ഒതുങ്ങിയതും ബിജെപിക്ക് ഒരു സീറ്റ് ലഭിച്ചതും ഗൗരവമേറിയ വിഷയംതന്നെയാണ്. നേരത്തേ മൂവാറ്റുപുഴ ലോക്സഭാ മണ്ഡലത്തില്‍നിന്ന് എന്‍ഡിഎ സ്ഥാനാര്‍ഥി ജയിച്ചിരുന്നു. നേമത്തുനിന്ന് ബിജെപി നേതാവ് നിയമസഭയിലേക്കും തെരഞ്ഞെടുക്കപ്പെടുകയുണ്ടായി.

എന്നാല്‍, ഇരുമണ്ഡലത്തിലും അവര്‍ക്ക് വിജയം ആവര്‍ത്തിക്കാന്‍ കഴിയാത്ത രാഷ്ട്രീയസാഹചര്യം ഒരുക്കാന്‍ എല്‍ഡിഎഫിന് കഴിഞ്ഞു. തൃശൂരിന്റെ കാര്യത്തിലും അതിനുള്ള ശ്രമങ്ങള്‍ ഉണ്ടാകുമെന്ന് ഉറപ്പിച്ച് പറയാം. വര്‍ഗീയശക്തികളുടെ വളര്‍ച്ചയ്ക്കെതിരെ ആശയപരവും സംഘടനാപരവുമായ ഇടപെടല്‍ ഉറപ്പാക്കും. അതോടൊപ്പം പരാജയത്തിന്റെ കാരണങ്ങള്‍ ഇഴകീറി പരിശോധിക്കും. ആവശ്യമായ തിരുത്തലും വരുത്തും. ജനാധിപത്യത്തില്‍ ജനങ്ങളാണ് യജമാനന്മാര്‍. അവര്‍ നല്‍കുന്ന മുന്നറിയിപ്പ് പരിഗണിച്ച് തിരുത്തേണ്ട കാര്യങ്ങള്‍ തിരുത്തി മുന്നോട്ടുപോകും. ജനങ്ങള്‍ അഭിമുഖീകരിക്കുന്ന വിഷയങ്ങള്‍ സജീവമായി ഏറ്റെടുത്ത് അവരോടൊപ്പം ചേര്‍ന്ന് എല്‍ഡിഎഫ് പ്രയാണം തുടരുമെന്നും അദേഹം പറഞ്ഞു.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ