'വ്യാജൻ ഇപ്പോൾ ഹാക്കറുമായി'; ഫേസ്‌ബുക്ക് പേജ് ഹാക്ക് ചെയ്തത് രാഹുൽ മാങ്കൂട്ടത്തിലെന്ന് സിപിഎം

പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ വീഡിയോ സിപിഎം പേജില്‍ പ്രത്യക്ഷപ്പെട്ട വിഷയത്തില്‍ രാഹുല്‍ മാങ്കൂട്ടത്തലിനെതിരേ ആരോപണവുമായി സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെപി ഉദയഭാനു. വീഡിയോ വന്ന അതേ പേജിൽ തന്നെയായിരുന്നു രാഹുല്‍ മാങ്കൂട്ടത്തിലാണെന്ന് പേര് പറയാതെയുള്ള ഉദയഭാനുന്റെ ആരോപണം.

വ്യാജൻ ഇപ്പോൾ ഹാക്കറുമായി എന്ന തലക്കെട്ടിലായിരുന്നു കുറിപ്പ്. യൂത്ത് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് വിവാദം ഉള്‍പ്പടെ പരാമര്‍ശിച്ചുകൊണ്ടായിരുന്നു ജില്ലാ സെക്രട്ടറിയുടെ ആരോപണം. വിവാദം സൃഷ്ടിക്കാനായി പേജ് ഹാക്ക് ചെയ്ത്, മനഃപൂര്‍വം ഇത്തരത്തില്‍ ഒരു വീഡിയോ പോസ്റ്റ് ചെയ്തശേഷം അതിന്റെ സ്‌ക്രീന്‍ റെക്കോര്‍ഡിംഗ് എടുത്ത് ആരോ മാധ്യമങ്ങള്‍ക്ക് കൈമാറിയതായിട്ടാണ് മനസ്സിലാക്കാന്‍ കഴിഞ്ഞതെന്ന് പ്രസ്താവനയില്‍ പറയുന്നു.

ഫെയ്​സ്ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ടത് ശ്രദ്ധയില്‍ പെടുകയും പെട്ടന്നു തന്നെ സോഷ്യല്‍ മീഡിയ ടീം അത് റിക്കവര്‍ ചെയ്ത് വീഡിയോ നീക്കം ചെയ്യുകയും സൈബര്‍ പോലീസിനും ഫെയ്‌സ്ബുക്കിനും പരാതിയും നല്‍കിയിട്ടുണ്ട്. പേജിന്റെ നിയന്ത്രണം തിരിച്ചെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്. പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ഥിയെ സംബന്ധിച്ച് വ്യക്തമായി അറിയാവുന്നവരാണ് പത്തനംതിട്ടക്കാര്‍.

നാട്ടില്‍ ജനങ്ങള്‍ക്കിടയില്‍ ഒരു സ്വാധീനവും ഇല്ലാത്ത വ്യാജന്‍ നാടൊട്ടുക്കുള്ള ആളുകളുടെ പേരില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മിച്ച്, ആ ആനൂകൂല്യത്തില്‍ നേതൃസ്ഥാനത്തെത്തിയ ആളാണ്. അടൂര്‍, പന്തളം മേഖലകളിലെ ജനങ്ങളുടെ പേരില്‍ പോലും ഇക്കൂട്ടര്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മിച്ച് ദുരുപയോഗം ചെയ്തതിന് നിയമ നടപടികളും നേരിടുന്നുണ്ടെന്നും ഉദയഭാനു പ്രസ്താവനയില്‍ പറഞ്ഞു.

ജനാധിപത്യപരമായി നടക്കേണ്ടിയിരുന്ന ഒരു സംഘടനാ തിരഞ്ഞെടുപ്പിനെ പോലും വ്യാജ ഐഡി കാര്‍ഡ് ഉണ്ടാക്കി അട്ടിമറിച്ചവന്‍ ഉപതിരഞ്ഞെടുപ്പിന് മുന്‍പ് ഇനിയും പല തട്ടിപ്പുകളും നടത്തും എന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. പാലക്കാട്ടെ ജനാധിപത്യ വിശ്വാസികളായ ജനങ്ങള്‍ ഇത് തിരിച്ചറിഞ്ഞ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥി സ. ഡോ. പി സരിനെ വിജയിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നതായും കെപി ഉദയഭാനുവിന്റെ പ്രസ്താവനയില്‍ പറഞ്ഞു.