ഇന്ത്യയിലെ ഗ്രാമങ്ങളിലും നഗരങ്ങളിലും വിദ്യാലയങ്ങളിലും തൊഴില്‍ശാലകളിലും വിവ പാലസ്തീന്‍ ഗാനം ഉയരണം; ഇസ്രായേലിന്റേത് കണ്ണില്‍ചോരയില്ലാത്ത കടന്നാക്രമണമെന്ന് സിപിഎം

പലസ്തീനിലെ ഗാസാ ഖണ്ഡത്തിലെ റാഫാ പട്ടണത്തില്‍ സയണിസ്റ്റ് ഇസ്രായേല്‍ കണ്ണില്‍ചോരയില്ലാത്ത സര്‍വനാശകമായ കടന്നാക്രമണം സംഘടിപ്പിക്കുന്നതിനെ അപലപിച്ച് ശക്തമായ പ്രതിഷേധ പ്രകടനങ്ങളും പലസ്തീന്‍ ഐക്യദാര്‍ഢ്യറാലികളും സംഘടിപ്പിക്കുവാന്‍ മനുഷ്യസ്‌നേഹികളാകെ മുന്നോട്ടുവരണമെന്ന് അഭ്യര്‍ത്ഥിച്ച് സിപിഎം നേതാവ് എംഎ ബേബി.

2023 ഒക്ടോബര്‍ ഏഴിനുശേഷം ഗാസയില്‍ സയണിസ്റ്റ് ഇസ്രയേലിന്റെ നിറുത്തില്ലാത്ത കൂട്ടക്കുരുതിയാണ് നിത്യവും നടക്കുന്നത്. ലോകത്തെ ഏറ്റവും വലിയ സൈനികശക്തിയായ അമേരിക്കയുടെ പിന്തുണയുള്ള മറ്റൊരു ഭീകരസൈനികശക്തി നിസ്സഹായരായ പൊതുജനങ്ങളുടെ നേരെ ബോംബുകള്‍ വര്‍ഷിച്ചുകൊണ്ടേയിരിക്കുന്നു. ഈ ആക്രമണത്തില്‍ ഇതുവരെ വധിക്കപ്പെട്ടത് ചുരുങ്ങിയത് 33,000 പലസ്തീന്‍കാരാണ്.

ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച് ഇതില്‍ 14,500 പേര്‍ കുട്ടികളാണ്. 9500 സ്ത്രീകളും. ബോംബിംങ്ങില്‍ ഇടിഞ്ഞുപൊളിഞ്ഞു കിടക്കുന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ അകപ്പെട്ട് മരിച്ചും പകുതിജീവനോടെയും കുഴിച്ചുമൂടപ്പെട്ടവര്‍ 7,000പേര്‍ വരും. അംഗഭംഗവും ഗുരുതരമായ പരിക്കും പറ്റി മരണവാതുക്കല്‍ എത്തിയവര്‍ ഉള്‍പ്പടെ 70,000 ഹതഭാഗ്യരായ പലസ്തീനികള്‍ വേറെയും.

ഗാസയുടെ മറ്റു പ്രദേശങ്ങളിലുള്ളവരോട് സുരക്ഷിതത്വത്തിനായി റാഫയിലേക്ക് മാറാന്‍ ആവശ്യപ്പെട്ടത് ഇസ്രായേല്‍ തന്നെയാണ്. എന്നിട്ടിപ്പോള്‍ അവിടെ തമ്പടിച്ചിരിക്കുന്ന അശരണരായ പത്തുലക്ഷത്തിലേറെ ജനങ്ങളോട് വീണ്ടും ഒഴിഞ്ഞുമാറാന്‍ ആവശ്യപ്പെട്ടുകൊണ്ട് റാഫയില്‍ കരയുദ്ധം ആരംഭിച്ചിരിക്കുകയാണ് ഇസ്രായേല്‍. തങ്ങളുടെ അധിനിവേശത്തിന് കീഴില്‍ അടക്കിവച്ചിരിക്കുന്ന ഒരു ദുര്‍ബലജനതയ്ക്കുനേരെ ഇതുവരെ നടന്ന ഭീകരാക്രമണത്തെ ആയുധം കൊണ്ടും നയതന്ത്രപിന്തുണകൊണ്ടും സഹായിച്ചിരുന്ന യുഎസ്എ പോലും ഈ കരയാക്രമണത്തെ അനുകൂലിക്കില്ല എന്ന് പറഞ്ഞു. പക്ഷേ, എന്നിട്ടും ബെഞ്ചമിന്‍ നെത്യനാഹു എന്ന സമകാലിക ഹിറ്റ്‌ലര്‍ റാഫയിലെ രക്തരക്ഷസ് ആവാന്‍ തന്നെയാണ് പുറപ്പാട്.

അമേരിക്കയിലും ക്യാനഡയിലും ആസ്‌ത്രേലിയയിലും യൂറോപ്പിലും പലസ്തീന്‍ ഐക്യദാര്‍ഢ്യപ്രസ്ഥാനം പടര്‍ന്നുപിടിക്കാന്‍ തുടങ്ങിയതിന്റെകൂടി പ്രത്യാഘാതമായാണ് ഇത്തരത്തില്‍ ഇസ്രയേലിന്റെ പിന്നില്‍ ഉറച്ചുനിന്നുപോന്ന രാഷ്ട്രങ്ങളിലെ ഭരണനേതൃത്വത്തില്‍ ചില നേരിയമാറ്റങ്ങള്‍ കാണപ്പെടുന്നത്. യൂറോപ്പിലും അമേരിക്കയിലും ഉള്‍പ്പടെ അതിപ്രശസ്ത സര്‍വകലാശാലകളിലെ വിദ്യാര്‍ഥികളും അധ്യാപകരും കാമ്പസിനുള്ളില്‍ സമരത്താവളങ്ങള്‍ തയ്യാറാക്കി ഐക്യദാര്‍ഢ്യപ്രസ്ഥാനം ശക്തിപ്പെടുത്തുന്ന അസാധാരണ നടപടി ലോകശ്രദ്ധ ആകര്‍ഷിച്ചിരിക്കുകയാണ്.

അമേരിക്കയുടെ വിയറ്റ്നാം യുദ്ധത്തിനെതിരായി വളര്‍ന്നുവന്ന ഐക്യദാര്‍ഢ്യമുന്നേറ്റത്തിനു സമാനമായി ഇതുമാറാന്‍ സാധ്യതയുണ്ടെന്നാണ് നിരീക്ഷകര്‍ സൂചിപ്പിക്കുന്നത്. ഒക്ടോബര്‍ ഏഴിന് ശേഷം നെതന്യാഹുവിന്റെ തീവ്രവലതുപക്ഷ കടന്നാക്രമണപദ്ധതിയ്ക്ക് സമ്പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച നരേന്ദ്രമോദി ആ തെറ്റായ നയം പൂര്‍ണമായും തിരുത്തിയില്ലെങ്കിലും, യുഎന്‍ ചര്‍ച്ചകളിലും വോട്ടെടുപ്പിലും ചെറിയ ചില തിരുത്തലുകള്‍ക്ക് നിര്‍ബന്ധിതനായത് ഈ ഐക്യദാര്‍ഢ്യപ്രസ്ഥാനത്തിന്റെ സ്വാധീനം കൊണ്ടുകൂടിയാണ്.
ലോകത്ത് നടക്കുന്ന പാലസ്തീന്‍ ഐക്യദാര്‍ഢ്യപ്രസ്ഥാനത്തിന്റെ ഭാഗമാകാന്‍ ഇന്ത്യയിലെ പുരോഗമന-ജനാധിപത്യവാദികള്‍ക്കെല്ലാം ഉത്തരവാദിത്തമുണ്ട്. നമ്മുടെ ഗ്രാമങ്ങളിലും നഗരങ്ങളിലും വിദ്യാലയങ്ങളിലും തൊഴില്‍ശാലകളിലും വിവ പാലസ്തീന ഗാനമുയരട്ടെ. നമ്മുടെ കലാകാരും എഴുത്തുകാരും രാഷ്ട്രീയപ്രവര്‍ത്തകരും പ്രൊഫഷണലുകളും ഒക്കെ പലസ്തീനിലെ ചോരപ്പുഴയോട് നമ്മള്‍ കണ്ണടയ്ക്കില്ല എന്ന് ഉച്ചത്തില്‍ പറയട്ടെ.
ചരിത്രം ഏകാധിപതികളോടൊപ്പമല്ല നിന്നിട്ടുള്ളത്. 65 ലക്ഷം ജൂതരെ കൊന്ന ഹിറ്റ്‌ലര്‍ വെറുക്കപ്പെട്ടവനായി, തോറ്റു. അതേ വിധി തന്നെയാണ് ബെഞ്ചമിന്‍ നെത്യനാഹുവിനെയും സഹസയണിസ്റ്റുകളെയും കാത്തിരിക്കുന്നതെന്ന് എം എ ബേബി പറഞ്ഞു.

Latest Stories

'നീ പോടി അവിടുന്ന്, നീ ഫീല്‍ഡ് ഔട്ട് ആയി പണ്ടേ', എന്ന് ആ സൂപ്പര്‍ സ്റ്റാര്‍ നടി ഫെയ്ക്ക് പ്രൊഫൈലില്‍ നിന്നും കമന്റ് ഇടും: ധ്യാന്‍ ശ്രീനിവാസന്‍

'സംഘപരിവാറിന് സിപിഎം മണ്ണൊരുക്കുന്നു, വിജയരാഘവൻമാരെ തിരുത്തണം'; പാർട്ടിക്കെതിരെ ആഞ്ഞടിച്ച് സമസ്ത

ജാമ്യം കിട്ടിയാല്‍ കേക്കുമായി ഇവര്‍ ക്രൈസ്തഭവനങ്ങളില്‍ എത്തും; പാലക്കാട്ട് ക്രിസ്തുമസ് ആഘോഷം തടഞ്ഞ വിശ്വഹിന്ദു പരിഷത്ത് സംഘപരിവാര്‍ സംഘടന തന്നെയെന്ന് സന്ദീപ്

മെമുവിനെ സ്വീകരിക്കാൻ എംപിയും സംഘവും സ്റ്റേഷനിൽ; സ്റ്റോപ്പ്‌ അനുവദിച്ച ചെറിയനാട് നിർത്താതെ ട്രെയിൻ, പ്രതികരണവുമായി റെയിൽവേ

പ്രിയങ്കയുടേയും വിജയരാഘവന്റെയും മുന്നിലും പിന്നിലും വര്‍ഗീയ ശക്തികള്‍; പിഎഫ്‌ഐ അണികളെ പാര്‍ട്ടിയില്‍ എത്തിക്കാനാണ് ലീഗും സിപിഎമ്മും മത്സരിക്കുന്നതെന്ന് ബിജെപി

കന്നഡ സിനിമയ്ക്ക് എന്തിനാണ് ഇംഗ്ലീഷ് പേര്? കിച്ച സുദീപിനോട് മാധ്യമപ്രവര്‍ത്തകന്‍; പ്രതികരിച്ച് താരം

അത് കൂടി അങ്ങോട്ട് തൂക്ക് കോഹ്‌ലി, സച്ചിനെ മറികടന്ന് അതുല്യ നേട്ടം സ്വന്തമാക്കാൻ സൂപ്പർ താരത്തിന് അവസരം; സംഭവിച്ചാൽ ചരിത്രം

യുപിയിൽ മൂന്ന് ഖലിസ്ഥാനി ഭീകരരെ വധിച്ച് പൊലീസ്; 2 എകെ 47 തോക്കുകളും പിസ്റ്റളുകളും പിടിച്ചെടുത്തു

'മാര്‍ക്കോ കണ്ട് അടുത്തിരിക്കുന്ന സ്ത്രീ ഛര്‍ദ്ദിച്ചു, കുട്ടികളും വ്യദ്ധരും ഈ സിനിമ കാണരുത്'; പ്രതികരണം വൈറല്‍

'കാരുണ്യ'യില്‍ കുടിശിക 408 കോടി രൂപ! പ്രതിസന്ധിയിലാക്കുമോ ഹെൽത്ത് ഇൻഷുറൻസ് പദ്ധതി?