സി.പി.എം സംസ്ഥാന സമ്മേളന തിയതികള്‍ മാറ്റില്ലെന്ന് തീരുമാനം. പാര്‍ട്ടി കോണ്‍ഗ്രസിന്റെ തിയതിയിലും മാറ്റമില്ല. നേരത്തെ നിശ്ചയിച്ചത് പ്രകാരം മാര്‍ച്ച് ഒന്ന് മുതല്‍ നാല് വരെയാണ് സംസ്ഥാന സമ്മേളനം. ആലപ്പുഴ ജില്ലാ സമ്മേളനം ഈ മാസം 15, 16 തീയതികളില്‍ തന്നെ നടക്കും. പാര്‍ട്ടി കോണ്‍ഗ്രസ് ഏപ്രില്‍ ആറ് മുതല്‍ പത്ത് വരെ കണ്ണൂരില്‍ നടക്കും. സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റിലാണ് തീരുമാനമായത്.
അതേസമയം കോവിഡ് സാഹചര്യം പരിഗണിച്ച് എറണാകുളത്ത് നടക്കുന്ന സംസ്ഥാന സമ്മേളനത്തില്‍ റാലി ഒഴിവാക്കി. സമ്മേളനത്തില്‍ ആളുകളുടെ എണ്ണം നിയന്ത്രിക്കുകയും, പ്രതിനിധികള്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തുകയും വേണം.
നേരത്തെ കോവിഡ് വ്യാപനം രൂക്ഷമായതോടെയാണ് സി.പി.എം ആലപ്പുഴ ജില്ല സമ്മേളനം മാറ്റി വച്ചത്. പൊതു സമ്മേളനം, പ്രകടനങ്ങള്‍ എന്നിവ ഒഴിവാക്കി പ്രതിനിധി സമ്മേളനം മാത്രം നടത്താനാണ് തീരുമാനം. കോവിഡ് വ്യാപനത്തിനിടയില്‍ സമ്മേളനങ്ങള്‍ നടത്തിയത് വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. നിലവില്‍ കോവിഡ് കേസുകള്‍ കുറഞ്ഞ സാഹചര്യത്തിലാണ് സമ്മേളനം മാറ്റി വയ്‌ക്കേണ്ടെന്ന് തീരുമാനിച്ചത്.