ദേശാഭിമാനി ദിനപത്രത്തെ നയിക്കാന്‍ എം സ്വരാജ്; സുപ്രധാന ചുമതല കൈമാറി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്

ദേശാഭിമാനി റസിഡന്റ് എഡിറ്ററായി സിപിഎം സംസ്ഥാന സെക്രട്ടറിയറ്റംഗ എം സ്വരാജ് ചുമതലയേല്‍ക്കും. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റാണ് ഇതു സംബന്ധിച്ച തീരുമാനം എടുത്തിരിക്കുന്നത്. 2016-2021ല്‍ തൃപ്പൂണിത്തുറയില്‍നിന്നുള്ള നിയമസഭാംഗമായിരുന്നു അദേഹം. മികച്ച വാഗ്മിയും നിരവധി പുസ്തകങ്ങളുടെ രചയിതാവുമാണ്. നിയമബിരുദവും സോഷ്യോളജിയില്‍ ബിരുദാനന്തരബിരുദവുമുണ്ട്.

ക്യൂബ ജീവിക്കുന്നു, പൂക്കളുടെ പുസ്തകം, മരണം കാത്ത് ദൈവങ്ങള്‍, കറുപ്പ് ഒരു നിറമല്ല തുടങ്ങിയവയാണ് പ്രധാന കൃതികള്‍. ആനുകാലികങ്ങളിലും പത്രങ്ങളിലും ഉള്‍പ്പെടെ നിരവധി ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി, ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ്, സെക്രട്ടറി, അഖിലേന്ത്യ ജോയിന്റ് സെക്രട്ടറി, ഡിവൈഎഫ്ഐ മുഖമാസികയായ യുവധാരയുടെ എഡിറ്റര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. മലപ്പുറം നിലമ്പൂര്‍ സുമാ നിവാസില്‍ പി എന്‍ മുരളീധരന്റെയും പി ആര്‍ സുമംഗിയമ്മയുടെയും മകനാണ്. ഭാര്യ: സരിത.