പി വി അൻവറിന് നേരെ സിപിഎം തെരുവിൽ; വിവിധ ഇടങ്ങളിൽ പ്രതിഷേധ റാലി

മലപ്പുറം: പി.വി അൻവറിനെതിരെ തെരുവിലിറങ്ങി പ്രതിഷേധിച്ച് സിപിഎം പ്രവർത്തകർ. മലപ്പുറത്തും, നിലമ്പൂരിലും, എടക്കരയിലും സിപിഎം പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി. പി.വി അൻവറിനെതിരെ ബാനർ ഉയർത്തിയും, ചെങ്കൊടി തൊട്ട് കളിക്കേണ്ട എന്ന മുദ്രവാക്യവുമായിട്ടാണ് പ്രവർത്തകർ പ്രതിഷേധിച്ചത്. നിലമ്പൂരിലാകട്ടെ ഗോവിന്ദൻ മാഷ് ഒന്ന് ഞൊടിച്ചാൽ കൈയും കാലും വെട്ടിയെടുത്ത് പുഴയിൽ തള്ളും എന്ന മുദ്രാവാക്യമാണ് പ്രവർത്തകർ വിളിച്ച് ചൊല്ലിയത്.

എടവണ്ണ ഏറിയ കമ്മിറ്റിയുടെ നേതൃത്വത്തിലും അവിടെ പ്രകടനം നടന്നു. അതിൽ പി.വി അൻവറിനോട് അടുത്ത ബന്ധമുള്ള പാർട്ടി പ്രവർത്തകരും പങ്കെടുത്തു. കൂടാതെ അൻവറിന്റെ പ്രസ്താവനയിലെ രാഷ്ട്രീയ വിശദീകരണവും നടത്തി. കോഴിക്കോട് ടൗണിലെ മുതലകുളത്ത് നിന്ന് പ്രതിഷേധ റാലിയും നടന്നു. എടവണ്ണയിൽ കാര്യങ്ങൾ കൈവിട്ട പോകുമെന്ന രീതിയിലുള്ള കൊലവിളി മുദ്രവാക്യമാണ് ഉയർന്നത്.

നേതാക്കൾക്കെതിരെ തിരിഞ്ഞാൽ കൈയും വെട്ടും കാലും വെട്ടുമെന്നും പ്രസ്ഥാനത്തിന് നേരെ വന്നാൽ തിരിച്ചടിക്കും കട്ടായമെന്നുമുള്ള കൊലവിളി നടത്തികൊണ്ടാണ് പ്രവർത്തകർ പ്രകടനം നടത്തിയത്. പൊന്നെ എന്ന് വിളിച്ച നാവു കൊണ്ട് പോടാ എന്നും വിളിക്കാൻ അറിയാം, കക്കാനും മുക്കാനും വൺമാൻഷോ നടത്താനും പാർട്ടിയെ ഉപയോഗിച്ചു, അത് നടക്കാതെ പാർട്ടിയെ തള്ളിപ്പറഞ്ഞുവെന്നും സിപിഎം പ്രവർത്തകർ മുദ്രവാക്യം വിളിച്ചു.

പി.വി അൻവർ താമസിക്കുന്നത് എടവണ്ണയിലെ വസതിയിലാണ്. അത് കൊണ്ടാണ് ആ സ്ഥലത്ത് വെച്ച് ഭീഷണിയായ മുദ്രവാക്യങ്ങൾ പ്രവർത്തകർ ഉയർത്തിയത്. ഇത്രയും നാൾ അൻവറിന്റെ കൂടെ ഉണ്ടായിരുന്ന പ്രവർത്തകർ തന്നെയാണ് അദ്ദേഹത്തിനെതിരെ ഭീഷണിയോടുള്ള മുദ്രവാക്യം ചൊല്ലിയിരിക്കുന്നത്. അതെ സമയം പാർട്ടി പ്രതിഷേധിക്കുമെങ്കിലും മുദ്രവാക്യം വിളിക്കുന്ന പ്രവർത്തകരുടെ മനസ് തന്റെ കൂടിയാണെന്നും പി.വി അൻവർ പറഞ്ഞു.