പി വി അൻവറിന്റെ പരാതി സിപിഎം അന്വേഷിക്കും; പി.ശശിക്ക് എതിരായ ആരോപണത്തിൽ അന്വേഷണം

പി.വി അൻവർ എംഎൽഎ സംസ്ഥാന സെക്രട്ടറിക്ക് നൽകിയ പരാതി സിപിഎം അന്വേഷിക്കും. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിക്ക് എതിരായ ആരോപണങ്ങൾ അന്വേഷിക്കാനാണ് പാർട്ടി തീരുമാനം. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പരാതി ചർച്ച ചെയ്യും. അതേസമയം അൻവറിൻ്റെ പരാതി ഗൗരവത്തോടെ കാണണമെന്ന് നേതൃത്വത്തിന്റെ ധാരണ.

മുഖ്യമന്ത്രിക്ക് കൊടുത്ത പരാതി പാർട്ടി സെക്രട്ടറി എം വി ഗോവിന്ദനും കൈമാറിയെന്ന് പി വി അൻവർ എംഎൽഎ അറിയിച്ചിരുന്നു. ലക്ഷക്കണക്കിന് സഖാക്കൾ പറയാൻ ആഗ്രഹിച്ചതാണ് താൻ പറഞ്ഞതെന്നും ജനങ്ങളുടെ വികാരമാണതെന്നും വ്യക്തമാക്കിയ അൻവ‍ർ വിശ്വസിച്ച് ഏൽപ്പിച്ച ആൾ തന്നെ ചതിക്കുമോയെന്നും ചോദിച്ചു. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ കണ്ടശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അൻവർ.

ഉയർത്തിയ ആരോപണങ്ങളുമായി പൊതുസമൂഹത്തിന് മുന്നിൽ തന്നെ കാണും. എഡിജിപിയെ മാറ്റണോ എന്ന് സർക്കാർ തീരുമാനിക്കും. അന്തസുള്ള പാർട്ടിക്കും സർക്കാരിനും മുന്നിലാണ് പരാതി നൽകിയത്. നടപടി ക്രമങ്ങൾ പാലിച്ച് കാര്യങ്ങൾ മുന്നോട്ട് പോകും. എഡിജിപിയെ മറ്റേണ്ടതിന്റെ ഉത്തരവാദിത്തം സർക്കാരിനാണ്. എലി അത്ര ചെറിയ ജീവി അല്ല. എഡിജിപിയെ മാറ്റേണ്ടത് പാർട്ടിയും മുഖ്യമന്ത്രിയുമാണ്. ഈ പാർട്ടിയെ പറ്റി എന്താണ് മനസ്സിലാക്കിയിട്ടുള്ളത്?. അന്തസ്സുള്ള പാർട്ടിയും അന്തസ്സുള്ള മുഖ്യമന്ത്രിയുമാണെന്നും പി വി അൻവർ പറഞ്ഞു.

അതേസമയം തനിക്കൊരു ഭയവുമില്ലെന്നാണ് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയുടെ പ്രതികരണം. ‘ദ വീക്ക്’ മാസികയോടാണ് ശശിയുടെ പ്രതികരണം. ആളുകള്‍ക്ക് ഇഷ്ടമുള്ളതെന്തും പറയാന്‍ സ്വാതന്ത്ര്യമുണ്ട്. അവര്‍ക്ക് അതിനുള്ള അവകാശമുണ്ട്. സ്വേച്ഛാധിപത്യ മനോഭാവം എനിക്കില്ല. എനിക്ക് പകയില്ല, പേടിയും തോന്നുന്നില്ല. ഇത് എനിക്ക് പുതിയ കാര്യമല്ല. 1980ല്‍ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയായതുമുതല്‍ ഞാന്‍ ആക്രമണങ്ങള്‍ നേരിട്ടിട്ടുണ്ടെന്നും എന്നിട്ടും ഞാന്‍ ഇത്രയും ദൂരം എത്തിയിരിക്കുന്നുവെന്നും പി ശശി പറഞ്ഞു.