സംഭവിച്ചത് ഗുരുതര വീഴ്ച, പിപി ദിവ്യയ്‌ക്കെതിരെ നടപടിയെടുത്ത് സിപിഎം; പാര്‍ട്ടിയുടെ എല്ലാ പദവികളില്‍ നിന്നും നീക്കും

കണ്ണൂരില്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തിന് പിന്നാലെ റിമാന്റില്‍ കഴിയുന്ന പിപി ദിവ്യയ്‌ക്കെതിരെ നടപടിയെടുത്ത് സിപിഎം. പാര്‍ട്ടിയുടെ എല്ലാ പദവികളില്‍ നിന്നും ദിവ്യയെ നീക്കാനാണ് സിപിഎം തീരുമാനം. ഗുരുതരമായ വീഴ്ചയാണ് ദിവ്യയുടെ ഭാഗത്ത് നിന്നുണ്ടായതെന്നാണ് സിപിഎമ്മിന്റെ വിലയിരുത്തല്‍.

ഇതേ തുടര്‍ന്നാണ് പിപി ദിവ്യയെ പാര്‍ട്ടിയുടെ എല്ലാ പദവികളില്‍ നിന്നും നീക്കാന്‍ സിപിഎം കണ്ണൂര്‍ ജില്ല കമ്മിറ്റി തീരുമാനിച്ചത്. സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരം ലഭിച്ചാല്‍ ജില്ല കമ്മിറ്റി തീരുമാനം നടപ്പിലാക്കുമെന്നാണ് വിവരം. സംസ്ഥാന കമ്മിറ്റി നിര്‍ദ്ദേശം അംഗീകരിച്ചാല്‍ പിപി ദിവ്യ പാര്‍ട്ടി ബ്രാഞ്ച് കമ്മിറ്റി അംഗം മാത്രമായി തുടരും.

സിപിഎം ജില്ലാ കമ്മിറ്റി അംഗമായിരുന്ന പിപി ദിവ്യയെ ഇരിണാവ് ബ്രാഞ്ച് കമ്മിറ്റിയിലേക്കാണ് നിലവില്‍ തരംതാഴ്ത്തിയിരിക്കുന്നത്. നവീന്‍ ബാബുവിന്റെ മരണത്തില്‍ കേസെടുത്ത് 20 ദിവസങ്ങള്‍ക്ക് ശേഷമാണ് ദിവ്യയ്‌ക്കെതിരെ സിപിഎം നടപടി ഉണ്ടായിരിക്കുന്നത്. വിഷയത്തില്‍ അടിയന്തരമായി ചേര്‍ന്ന ജില്ല കമ്മിറ്റി യോഗത്തിലാണ് തീരുമാനം.

നവീന്‍ ബാബുവിന്റെ മരണത്തിന് പിന്നാലെ പിപി ദിവ്യ കണ്ണൂര്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് രാജിവച്ചിരുന്നു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയില്‍ മികച്ച പ്രകടനം കാഴ്ച വച്ച ദിവ്യയെ ഒരു ഘട്ടത്തില്‍ കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാക്കുന്നതുവരെ സിപിഎം പരിഗണിച്ചിരുന്നു.

അതേസമയം എഡിഎമ്മിന്റെ മരണത്തെ തുടര്‍ന്നുള്ള വിഷയം നിയമപരമായി നേരിടുമെന്നും തന്റെ നിരപരാധിത്വം തെളിയിക്കുമെന്നുമാണ് പിപി ദിവ്യയുടെ നിലപാട്.