മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി തിരുവനന്തപുരം വിജിലന്‍സ് കോടതി തള്ളിയതോടെ പ്രതിപക്ഷവും വലതുപക്ഷ മാധ്യമങ്ങളും കേന്ദ്രസര്‍ക്കാരിന്റെ സഹായത്തോടെ നടത്തിയ ഗൂഢാലോചനയാണ് തുറന്ന് കാട്ടപ്പെട്ടിരിക്കുന്നതെന്ന് സിപിഎം.
കമ്പനികള്‍ നിയമപരമായി നടത്തിയ ഇടപാടില്‍ മുഖ്യമന്ത്രിയെ വലിച്ചിഴച്ച് അപകീര്‍ത്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ഉണ്ടാക്കിയ തിരക്കഥകള്‍ വിജിലന്‍സ് കോടതിയുടെ വിധിയോടെ തുറന്ന് കാട്ടപെട്ടിരിക്കുകയാണ്. സര്‍ക്കാരിനും സിപിഐ എമ്മിനും എതിരെ മറ്റൊന്നും പറയാനില്ലാത്ത സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ കൂടി സഹായത്തോടെ ഇത്തരം ഒരു കഥമെനയുകയും അതിന്റെ പിന്നാലെ വാര്‍ത്തകളും ഹര്‍ജികളും കൊണ്ടുവരികയും ചെയ്തത്.
മുഖ്യമന്ത്രിയും സിപിഎമ്മും ഇക്കാര്യത്തില്‍ സംശയരഹിതമായ നിലപാടാണ് ആദ്യം മുതല്‍ എടുത്തത്. ഏത് അന്വേഷണത്തേയും സ്വാഗതം ചെയ്യുന്നതോടൊപ്പം ഇതിലെ രാഷ്ട്രീയ ലക്ഷ്യം ഏവരും മനസിലാക്കണമെന്നതായിരുന്നു ആ നിലപാട്. അതുതന്നെയാണ് ഇപ്പോള്‍ കോടതി വിധിയും വ്യക്തമാക്കുന്നത്.
രണ്ടു കമ്പനികള്‍ നിയമപ്രകാരം ഏര്‍പ്പെട്ട കരാര്‍ എന്നതിലപ്പുറം മറ്റൊന്നും ഇക്കാര്യത്തില്‍ കണ്ടെത്താന്‍ ആര്‍ക്കുമായിട്ടില്ല. സര്‍ക്കാര്‍ എന്തെങ്കിലും വഴിവിട്ട സഹായം സിഎംആര്‍എല്‍ ഉള്‍പ്പെടെ ആര്‍ക്കെങ്കിലും ചെയ്തുകൊടുത്തതായിട്ടും തെളിയിക്കാനായില്ല. തെളിവിന്റെ കണിക പോലുമില്ലാതെയാണ് ഹര്‍ജിയുമായി കുഴല്‍നാടന്‍ സമീപിച്ചതെന്ന് കോടതി വ്യക്തമാക്കിയിരിക്കുന്നു.
രാഷ്ട്രീയ താല്‍പര്യങ്ങള്‍ ഹര്‍ജിയുടെ പിന്നിലുണ്ടെന്ന പരാമള്‍ശം പോലും വിധിയുടെ ഭാഗമായി വന്നിട്ടുണ്ടെന്നത് ഏറെ ഗൗരവത്തോടെ കാണണം. വിജിലന്‍സ് അന്വേഷണത്തിനോ കുഴല്‍നാടന്‍ ആവശ്യപ്പെട്ടതുപോലെ കോടതിയുടെ നേരിട്ടുള്ള അന്വേഷണത്തിനോ ആവശ്യമായ കാരണങ്ങളും തെളിവുകളും നിരത്താനാണ് വേണ്ടത്ര സമയം കോടതി നല്‍കിയത്. ഹര്‍ജിയില്‍ ആവശ്യപ്പെടുന്ന കാര്യങ്ങള്‍ സാധൂകരിക്കുന്നതിന് മതിയായ തെളിവല്ല കുഴല്‍നാടന്‍ ഹാജരാക്കിയ രേഖകളെന്നും വിധിയില്‍ പറയുന്നു. മുഖ്യമന്ത്രിയേയും അതുവഴി സിപിഐ എമ്മിനെയും അപഹസിക്കലാണ് ആരോപണത്തിന്റെ വ്യാജവാര്‍ത്തകളുടേയും ഹര്‍ജിയുടേയും ലക്ഷ്യമെന്ന് ഇതിലൂടെ വ്യക്തമാണ്.
പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് വരെ ഇതുസംബന്ധിച്ച കല്‍പിത കഥകള്‍ മെനയുന്നതിന് കാരണങ്ങള്‍ ഉന്നയിച്ച് വിധി നീട്ടി വയ്പിക്കുകയായിരുന്നു ലക്ഷ്യം. തെളിവുകൊണ്ടുവരു എന്ന് കോടതി നിരന്തരം ആവശ്യപ്പെട്ടപ്പോഴൊക്കെ ആവശ്യങ്ങള്‍ മാറ്റിക്കൊണ്ടിരുന്നത് അതിനാണ്. വിജിലന്‍സ് അന്വേഷിക്കണമെന്ന് ആദ്യം ആവശ്യപ്പെട്ടയാള്‍ പിന്നീട് കോടതി നേരിട്ട് അന്വേഷിക്കണം എന്ന് മാറ്റി പറഞ്ഞു. ഒരു ശല്യക്കാരനായ വ്യവഹാരിയായി കുഴല്‍നാടന്‍ മാറുകയാണ്.
പൊതു സമുഹത്തിനുമുന്നില്‍ പുകമറ സൃഷ്ടിച്ച് ചര്‍ച്ച കൊഴുപ്പിക്കലും രാഷ്ട്രീയ മുതലെടുപ്പ് നടത്തലും മാത്രമായിരുന്നു കുഴല്‍നാടന്റെ ലക്ഷ്യം. അതോടൊപ്പം ഭൂമി ഇടപാടും മറ്റുമായി ബന്ധപ്പെട്ട് കുഴല്‍നാടനെതിരെ വന്നിരിക്കുന്ന അന്വേഷണങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണിതെന്നും പകല്‍ പോലെ ഇപ്പോള്‍ തെളിഞ്ഞിരിക്കുകയാണ്.
രാഷ്ട്രീയ വിരോധം മുലം മുഖ്യമന്ത്രിയേയും കുടുംബത്തേയും വിവാദങ്ങളിലേക്കും കേസുകളിലേക്കും വ്യാജവാര്‍ത്തകളിലേക്കും വലിച്ചിഴക്കുന്നത് ഇതാദ്യമല്ല. അത്തരത്തില്‍ ഒന്നായി ഇതും മാറിയിരിക്കുകയാണ്. യാഥാര്‍ത്ഥ്യം തെളിഞ്ഞ സാഹചര്യത്തില്‍ ആരോപണ മുന്നയിച്ചവര്‍ സമൂഹത്തിനുമുന്നില്‍ കാര്യങ്ങള്‍ തുറന്നു പറഞ്ഞ് മാപ്പ് പറയാന്‍ തയ്യാറാകണമെന്ന് സിപിഎം ആവശ്യപ്പെട്ടു.