കരുവന്നൂർ വായ്പ തട്ടിപ്പ് മുന്‍പേ സിപിഎമ്മിന് അറിയാമായിരുന്നുവെന്നതിന് തെളിയിക്കുന്ന ശബ്ദരേഖ പുറത്ത്. 2018 ഡിസംബർ എട്ടിന് മാടായിക്കോണം ബ്രാഞ്ച് കമ്മിറ്റി യോഗം വിഷയം ചർച്ച ചെയ്തതിന്‍റെ ശബ്ദരേഖയാണ് മാധ്യമങ്ങൾ പുറത്തുവിട്ടത്. ബ്രാഞ്ച് കമ്മിറ്റി അംഗം കൂടിയായ ബാങ്ക് ഭരണസമിതി പ്രസിഡന്‍റിന്‍റെ സാന്നിധ്യത്തിലായിരുന്നു ചർച്ച.
വായ്പ തട്ടിപ്പ് വിഷയത്തിൽ പൊറത്തിശ്ശേരി ലോക്കൽ കമ്മിറ്റി സെക്രട്ടറി രാജു മാസ്റ്ററാണ് വിമർശനം ഉന്നയിച്ചത്. തട്ടിപ്പ് നടക്കുന്നതിൽ തനിക്ക് പങ്കില്ലെന്ന് പ്രസിഡന്‍റ് യോഗത്തിൽ വിശദീകരിക്കുന്നതും ശബ്ദരേഖയിൽ കേൾക്കാം.
ഒരേ വസ്തുവിന്മേൽ അഞ്ചു ആറും വായ്പകൾ നൽകുന്നുണ്ടെന്നും വസ്തു ഉടമകൾ അറിയാതെയാണ് ഇതൊക്കെ നടക്കുന്നതെന്നും യോഗത്തിൽ വിമർശനം ഉയരുന്നുണ്ട്. ബിനാമി വായ്പകൾ പുതുക്കേണ്ടതില്ലെന്ന തീരുമാനം ലംഘിച്ചതായി യോഗത്തിൽ വിശദീകരിക്കുന്നുണ്ട്.
അതേസമയം, വായ്പാ വിഷയം ബ്രാഞ്ച് കമ്മിറ്റി യോഗത്തിൽ ചർച്ചയായതായി എൽ.സി സെക്രട്ടറി രാജു മാസ്റ്റർ സ്ഥിരീകരിച്ചു. ബാങ്കിന്‍റെ പ്രവർത്തന പരിധിക്ക് പുറത്ത് വായ്പകൾ നൽകരുതെന്നും നൽകിയ വായ്പകൾ തിരിച്ചു പിടിക്കണമെന്നും പാർട്ടി ഭരണസമിതിയോട് ആവശ്യപ്പെട്ടതായി രാജു മാസ്റ്റർ വ്യക്തമാക്കിയതായി വാർത്താ ചാനൽ റിപ്പോർട്ട് ചെയ്തു.