എറണാകുളത്ത് യുവനിരയുമായി സിപിഎം, ജില്ലാ സെക്രട്ടറിയായി എസ് സതീഷ്; ജില്ലാ സെക്രട്ടറിയേറ്റില്‍ രണ്ട് പുതുമുഖങ്ങള്‍

എറണാകുളത്ത് സിപിഎമ്മിനെ നയിക്കാന്‍ യുവനിര. സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയായി ഡിവൈഎഫ്‌ഐ മുന്‍ സംസ്ഥാന അധ്യക്ഷനായിരുന്ന എസ് സതീഷിനെ തെരഞ്ഞെടുത്തു. നിലവില്‍ സിപിഎം സംസ്ഥാന കമ്മറ്റി അംഗവും യുവജന ക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാനുമാണ് എസ് സതീഷ്. ഞായറാഴ്ച ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് ജില്ലാ സെക്രട്ടറിയെ തിരഞ്ഞെടുത്ത തീരുമാനമുണ്ടായത്. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും പങ്കെടുത്ത ജില്ലാ കമ്മിറ്റി യോഗത്തിലാണ് സതീഷിനെ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. മുന്‍ ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍ സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനാലാണ് പുതിയ ജില്ലാ സെക്രട്ടറിയെ എറണാകുളത്ത് തെരഞ്ഞെടുത്തത്.

പന്ത്രണ്ടംഗ എറണാകുളം ജില്ലാ സെക്രട്ടറിയേറ്റില്‍ രണ്ടുപേര്‍ പുതുമുഖങ്ങളാണ്. കെ എസ് അരുണ്‍ കുമാറും ഷാജി മുഹമ്മദുമാണ് പുതുമുഖങ്ങളായി ജില്ലാ സെക്രട്ടറിയേറ്റിലേക്കെത്തുന്നത്. എസ് സതീഷ്, എം പി പത്രോസ്, പി ആര്‍ മുരളീധരന്‍, ജോണ്‍ ഫെര്‍ണാണ്ടസ്, കെ എന്‍ ഉണ്ണികൃഷ്ണന്‍, സി കെ പരീത്, സി ബി ദേവദര്‍ശനന്‍, ആര്‍ അനില്‍കുമാര്‍, ടി സി ഷിബു, പുഷ്പദാസ്, കെ എസ് അരുണ്‍ കുമാര്‍, ഷാജി മുഹമ്മദ് എന്നിവരാണ് സെക്രട്ടറിയറ്റ് അംഗങ്ങള്‍.

കോതമംഗലം അയ്യങ്കാവ് സ്വദേശിയായ കര്‍ഷക കുടുംബത്തില്‍ ജനിച്ച എസ് സതീഷ് ഡിവൈഎഫ്ഐ വായനശാലപ്പടി യൂണിറ്റ് സെക്രട്ടറിയായാണ് രാഷ്ട്രീയ പ്രവര്‍ത്തന രംഗത്തെത്തുന്നത്. പിന്നീട് ബ്ലോക്ക് സെക്രട്ടറി, ജില്ലാ സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ്, അഖിലേന്ത്യ വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. യുവധാരയുടെ മാനേജരായും പ്രവര്‍ത്തിച്ചിട്ടുണ്ട് എസ് സതീഷ്. 45 വയസില്‍ താഴെ പ്രായമുള്ള സതീഷ് ജില്ലാ സെക്രട്ടറിയായി എത്തുന്നത് പാര്‍ട്ടിക്ക് യുവപ്രതിച്ഛായ കൊണ്ടുവരുമെന്നാണ് സിപിഎം പ്രതീക്ഷ. സതീഷ് എറണാകുളം സംസ്ഥാന സമ്മേളനത്തിന് ശേഷമാണ് സംസ്ഥാന സമിതി അംഗമായത്.

പാർട്ടി ഏൽപ്പിച്ചിട്ടുള്ളത് വലിയ ഉത്തരവാദിത്തമാണെന്ന് സതീഷ് പ്രതികരിച്ചു. ജില്ലയിൽ പാർട്ടി കൈവരിച്ചിട്ടുള്ള ഐക്യം പ്രധാന കാര്യമായി കഴിഞ്ഞ എറണാകുളം ജില്ലാ സമ്മേളനം വിലയിരുത്തിയിരുന്നു. ഈ ഐക്യം കൂടുതൽ ശക്തിപ്പെടുത്തി ജനകീയ ബന്ധം പാർട്ടിക്ക് അനുകൂലമായി മാറ്റാനുള്ള പ്രവർത്തനങ്ങൾ ഉണ്ടാകുമെന്നും സതീഷ് പറഞ്ഞു. പാർട്ടിക്ക് എറണാകുളം ജില്ലയിൽ സംഘടനാപരമായും രാഷ്ട്രീയപരമായും നല്ല അടിത്തറയുണ്ടെന്നും കൂടുതൽ ജനകീയ പാർട്ടിയാക്കി മാറ്റാനുള്ള ഉത്തരവാദിത്തമാണ് തനിക്കുള്ളതെന്നും പുതിയ ജില്ലാ സെക്രട്ടറി പറഞ്ഞു. മുൻകാലങ്ങളിൽ നിലനിന്ന അനൈക്യം പാർട്ടിയുടെ മുന്നേറ്റത്തിന് തടസമായിട്ടുണ്ടെങ്കിൽ ജില്ലാ, സംസ്ഥാന നേതൃത്വങ്ങളുടെ ഇടപെടലുകൾ കൊണ്ട് അതിൽ മാറ്റം വരുത്താൻ കഴിഞ്ഞിട്ടുണ്ടെന്നും സതീഷ് പറഞ്ഞു.