'കമ്മ്യൂണിസ്റ്റുകാരെ തടവറകാട്ടി പേടിപ്പിക്കാൻ വരേണ്ട '; പെരിയ കൊലക്കേസ് പ്രതികളെ സന്ദർശിച്ച് പി. ജയരാജൻ

പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികളെ ഞായറാഴ്ച കണ്ണൂർ സെൻട്രൽ ജയിലിൽ എത്തിച്ചപ്പോൾ മുതിർന്ന നേതാവ് പി ജയരാജൻ്റെ നേതൃത്വത്തിൽ സിപിഎം പ്രവർത്തകർ ജയിലിൽ ചെന്ന് സന്ദർശിച്ചു. ഉദുമ മുൻ എം.എൽ.എ കെ.കുഞ്ഞിരാമൻ ഉൾപ്പെടെയുള്ള കുറ്റവാളികളെ സന്ദർശിക്കുന്നതിനിടെ പ്രവർത്തകർ മുദ്രാവാക്യം മുഴക്കുകയും ചെയ്തു.

ജയിൽ ജീവിതം കമ്മ്യൂണിസ്റ്റുകാർക്ക് വായിക്കാനുള്ള കാലമാണെന്ന് പി ജയരാജൻ പറഞ്ഞു. കമ്മ്യൂണിസ്റ്റുകാരെ തടവറ കാട്ടി പേടിപ്പിക്കേണ്ട. എല്ലാ രാഷ്ട്രീയ കൊലയും അവസാനിക്കണം. മാധ്യമങ്ങൾക്ക് മാർക്‌സിസ്റ്റ്‌ വിരുദ്ധ ജ്വരമാണ്. ഇരട്ട കൊലയെപ്പറ്റി പറയുമ്പോൾ വെഞ്ഞാറമൂട് കൊലപാതകം ഓർക്കണം. നിയമ പോരാട്ടത്തിന്റെ വഴികൾ ഇപ്പോഴുമുണ്ട്. അവസരങ്ങൾ തങ്ങൾ വിനിയോഗിക്കുമെന്നും പി ജയരാജൻ പറഞ്ഞു.

പെരിയ ഇരട്ടക്കൊലകേസിലെ ഒന്നാം പ്രതിയും സിപിഐഎം നേതാവുമായ എ പിതാംബരനെ കാണാൻ ടി ചി ചന്ദ്രശേഖരൻ വധക്കേസിൽ പരോളിൽ കഴിയുന്ന കൊടി സുനിയെത്തിയത് വലിയ ചർച്ചയായ പശ്ചാത്തലത്തിലാണ് ജയരാജന്റെ സന്ദർശനം. ഫസൽ വധക്കേസിലെ വിചാരണ നടപടികളുടെ ഭാഗമായി സിബിഐ കോടതിയിലെത്തിയതായിരുന്നു കൊടി സുനി.