വനിത സിപിഒ റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാര്‍ത്ഥികള്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തിവന്നിരുന്ന സമരം ഇന്ന് അവസാനിപ്പിച്ചു. സമരം ഇന്ന് 18 ദിവസം പൂര്‍ത്തിയാക്കിയിരുന്നു. റാങ്ക് ലിസ്റ്റിന്റെ കാലാവധി ഇന്ന് അവസാനിച്ചതോടെയാണ് ഉദ്യോഗാര്‍ത്ഥികള്‍ സമരം അവസാനിപ്പിച്ചത്. സമരം അവസാനിപ്പിച്ച ഉദ്യോഗാര്‍ത്ഥികള്‍ സര്‍ക്കാരിനെതിരെയും സിപിഎമ്മിനെതിരെയും രൂക്ഷ വിമര്‍ശനങ്ങളാണ് ഉന്നയിക്കുന്നത്.
മീന്‍ വില്‍ക്കാന്‍ പൊയ്ക്കൂടേ അല്ലെങ്കില്‍ പ്രൈവറ്റ് ജോലി നോക്കിക്കൂടെ എന്നാണ് ഒരു മന്ത്രി തങ്ങളോട് ചോദിച്ചതെന്ന് ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നു. 18 ദിവസം സെക്രട്ടറിയേറ്റിന്റെ മുന്നില്‍ കിടന്നിട്ട് ഒരു ഇടതു വനിത നേതാവ് പോലും തിരിഞ്ഞു നോക്കിയില്ല. കഞ്ഞിയും അവിലും കഴിച്ചാണ് സമരം ചെയ്തത്. പെണ്‍കുട്ടികള്‍ തെരുവില്‍ കിടന്ന് ഉറങ്ങിയിട്ടും തിരിഞ്ഞു നോക്കിയില്ലെന്നും ഉദ്യോഗാര്‍ത്ഥികള്‍ ആരോപിച്ചു.
സിപിഎം നേതാവ് പികെ ശ്രീമതി പറഞ്ഞത് സിപിഒ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ദുര്‍വാശിയാണെന്നും അവകാശപ്പെട്ട ജോലി ചോദിക്കുമ്പോള്‍ എങ്ങനെയാണ് ദുര്‍വാശി ആകുന്നതെന്ന് ഉദ്യോഗാര്‍ത്ഥികള്‍ ചോദിക്കുന്നു. ആത്മാഹൂതി ചെയ്താലും പാര്‍ട്ടിക്ക് അതൊരു പ്രശ്‌നം അല്ലെന്നുമാണ് എകെജി സെന്ററില്‍ ആവശ്യം അറിയിക്കാന്‍ പോയപ്പോള്‍ നേതാവ് പറഞ്ഞത്.
ഒരു സിപിഎം നേതാവും സമരപന്തലില്‍ വന്നില്ലെന്നും ഉദ്യോഗാര്‍ത്ഥികള്‍ പറഞ്ഞത്. ദയവുചെയ്ത് ഇത്തരം വാക്കുകള്‍ കൊണ്ട് കൊല്ലാക്കൊല ചെയ്യരുതെന്നും സമരത്തിന് പിന്നില്‍ രാഷ്ട്രീയമില്ലെന്നും ഞങ്ങള്‍ മാത്രമാണെന്നും ഉദ്യോഗാര്‍ത്ഥികള്‍ പറഞ്ഞു. ഒരു ഇടതു യുവജന നേതാവും പരാതി പറഞ്ഞിട്ട് സഹായിച്ചില്ല. സിപിഒ അല്ലാതെ ആര്‍പിഎഫില്‍ ശ്രമിച്ചൂടെ എന്നാണ് ചോദിച്ചത്.
Read more
സാമ്പത്തിക മാന്ദ്യത്തില്‍ നിന്നും മുക്തി നേടിയെന്നാണ് ബജറ്റ് അവതരിപ്പിക്കുമ്പോള്‍ ധനമന്ത്രി പറഞ്ഞത്. സര്‍ക്കാറിന്റെ വാര്‍ഷികം ആഘോഷിക്കാന്‍ കോടികള്‍ പൊടിപൊടിക്കുകയാണ്. സ്വിമ്മിംഗ് പൂള്‍ ഉണ്ടാക്കാനും ഇവിടെ പണമുണ്ട്. തെരുവില്‍ കിടന്നിട്ട് മന്ത്രിമാരുടെയും സിപിഎം നേതാക്കളുടെയും പുച്ഛവും അപമാനവും ഏറ്റുവാങ്ങേണ്ടിവന്നുവെന്നും ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നു. ഹാള്‍ ടിക്കറ്റും റാങ്ക് പട്ടികയും കത്തിച്ചുകൊണ്ടാണ് സമരം അവസാനിപ്പിച്ചത്.