വാളയാർ പെൺകുട്ടികളുടെ അമ്മയ്‌ക്കെതിരെ അഭിഭാഷകൻ ഹരീഷ് വാസുദേവൻ എഴുതിയ ഫെയ്സ്ബുക്ക് കുറിപ്പ് വലിയ വിവാദമായിരിക്കുകയാണ്. മരിച്ച കുട്ടികളുടെ ആത്മാവ് ആ സ്ത്രീയോട് പൊറുക്കില്ല എന്ന് തനിക്ക് ഉറപ്പാണ് എന്ന് ഹരീഷ് വാസുദേവൻ ഫെയ്സ്ബുക്ക് കുറിപ്പിൽ പറയുന്നു. അതേസമയം കേസ് അട്ടിമറിച്ചു എന്ന് വാളയാർ പെൺകുട്ടികളുടെ അമ്മ ഉൾപ്പെടെയുള്ളവർ ആരോപിക്കുന്ന അന്വേഷ ഉദ്യോഗസ്ഥൻ ഡിവൈഎസ്പി എം ജെ സോജനെ നല്ല നിലയിലാണ് ഹരീഷ് വാസുദേവൻ തന്റെ ഫെയ്സ്ബുക്ക് കുറിപ്പിൽ അവതരിപ്പിക്കുന്നത്. എന്നാൽ എം ജെ സോജൻ എന്ന ഡിവൈഎസ്പിയെ കുറിച്ച് 2019 ഒക്ടോബറിൽ ഹരീഷ് വാസുദേവന് മറിച്ചൊരു അഭിപ്രായമാണ് ഉണ്ടായിരുന്നത് എന്ന് സി.ആർ നീലകണ്ഠൻ ചൂണ്ടിക്കാട്ടി.
“ഇപ്പോൾ മഹാനായ പൊലിസ് ഉദ്യോഗസ്ഥൻ എന്ന് ഹരീഷ് വാസുദേവൻ പറയുന്ന എം ജെ സോജൻ എന്ന ഡിവൈഎസ്പിക്കെതിരെ 2019 ഒക്ടോബറിൽ ഇതേ വ്യക്തി ഇട്ട പോസ്റ്റ് വായിക്കുക” എന്ന് സി.ആർ നീലകണ്ഠൻ തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു.
അതിനിടെ തന്റെ മക്കളുടെ കൊലപാതകത്തിൽ തന്നെ പ്രതിയായി ചിത്രീകരിച്ചു സമൂഹ മാധ്യമങ്ങളിൽ പ്രചാരണം നടക്കുന്നതായി ചൂണ്ടിക്കാണിച്ച് വാളയാറിലെ കുട്ടികളുടെ മാതാവും ധർമ്മടത്തെ സ്വതന്ത്ര സ്ഥാനാർത്ഥിയുമായ ഭാഗ്യവതി ഹരീഷ് വാസുദേവനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. ഹരീഷ് വാസുദേവന്റെ പോസ്റ്റ് തിരഞ്ഞെടുപ്പിൽ തനിക്കെതിരായ പ്രചാരണത്തിന് ഉപയോഗിക്കുകയാണെന്നും ഇതിനെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് പരാതി.