മരടില്‍ ഫ്‌ളാറ്റുകള്‍ നിര്‍മ്മിച്ചത് തീരദേശ പരിപാലന നിയമങ്ങള്‍ ലംഘിച്ചെന്ന് ക്രൈം ബ്രാഞ്ചും കണ്ടെത്തി. ചില ഭാഗത്ത് കായല്‍ നികത്തിയതായും അന്വേഷണത്തില്‍ കണ്ടെത്തി. ഈ സാഹചര്യത്തില്‍ നിയമലംഘനത്തിന് കൂട്ടു നിന്ന മുന്‍ മരട് പഞ്ചായത്ത് ഉദ്യോഗസ്ഥരെ ഇന്ന് ചോദ്യം ചെയ്യും. ക്രൈം ബ്രാഞ്ച് ഓഫീസില്‍ ഹാജരാകാന്‍ മുന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ചട്ടം ലംഘിച്ച് ഫ്‌ളാറ്റ് നിര്‍മ്മാണത്തിന് അനുമതി നല്‍കിയ ഉദ്യോഗസ്ഥരെ ആണ് ചോദ്യം ചെയ്യുന്നത്.
ഇതോടൊപ്പം തന്നെ ഫ്‌ളാറ്റ് ഉടമകളുടെ മൊഴി രേഖപ്പെടുത്താനും ക്രൈംബ്രാഞ്ച് തീരുമാനിച്ചു. ജെയിന്‍ കോറല്‍ കോവ് ഉടമകളുടെ മൊഴിയാണ് രേഖപ്പെടുത്തുക. ഉദ്യോഗസ്ഥ സംഘം അല്‍പസമയത്തിനകം ഇവിടെ പരിശോധന തുടങ്ങും. ജെയിന്‍ ഫ്‌ളാറ്റിന്റെ കായല്‍ കൈയേറ്റം വീണ്ടും അളന്നു പരിശോധിക്കാനാണ് നീക്കം. ഫ്‌ളാറ്റുകള്‍ നിര്‍മ്മിച്ചതില്‍ വ്യാപക കൈയേറ്റം ഉണ്ടായെന്നും ക്രൈം ബ്രാഞ്ച് കണ്ടെത്തി.
മരടിലെ അനധികൃത ഫ്‌ളാറ്റ് നിര്‍മ്മാതാക്കള്‍ക്ക് എതിരെയെടുത്ത കേസിലാണ് തീരദേശ പരിപാലന നിയമങ്ങള്‍ ലംഘിച്ചാണ് ഫ്‌ളാറ്റുകളുടെ നിര്‍മ്മാണം എന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്. മന്ത്രിസഭ തീരുമാന പ്രകാരം ഫ്‌ളാറ്റ് നിര്‍മ്മാണ കമ്പനിക്കെതിരെ ക്രിമിനല്‍ കേസെടുത്തിരുന്നു.
വഞ്ചനക്കും, നിയമലംഘനം മറച്ചുവെച്ച് വില്‍പ്പന നടത്തിയതിനുമാണ് കേസെടുത്തത്. കമ്പനി ഉടമകളെ കൂടാതെ അനധികൃത നിര്‍മ്മാണത്തിന് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ എന്നിവരും അന്വേഷണ പരിധിയിലുണ്ടായിരുന്നു. നഗരസഭയിലെ രേഖകളിലടക്കം ക്രൈം ബ്രാഞ്ച് വിശദമായ പരിശോധന നടത്തിയിരുന്നു.