പുരാവസ്തു തട്ടിപ്പ് കേസില്‍ മുന്‍ ഡിഐജി എസ് സുരേന്ദ്രന്റെ ഭാര്യ ബിന്ദുലേഖയ്ക്ക് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കി. സുരേന്ദ്രന്റെ വീട്ടില്‍ വച്ച് സാമ്പത്തിക ഇടപാടുകള്‍ നടന്നിട്ടുണ്ടെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് നിര്‍ദ്ദേശം. വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് ക്രൈംബ്രാഞ്ച് നല്‍കിയ നോട്ടീസിലെ നിര്‍ദ്ദേശം.
എസ് സുരേന്ദ്രനും കുടുംബവുമായി മോന്‍സണ്‍ വളരെ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. ഇവര്‍ തമ്മില്‍ വലിയ സാമ്പത്തിക ഇടപാടുകള്‍ നടന്നിരുന്നുവെന്നാണ് ക്രൈംബ്രാഞ്ചിന്റെ പുതിയ കണ്ടെത്തല്‍. ബിന്ദുലേഖയ്ക്ക് തട്ടിപ്പില്‍ പങ്കുണ്ടെന്നും മോന്‍സണില്‍ നിന്നും ഇവര്‍ പണം കൈപ്പറ്റിയിട്ടുണ്ടെന്നും കണ്ടെത്തിയതിനെ തുടര്‍ന്ന് ക്രൈംബ്രാഞ്ച് ഇവരെ പ്രതിചേര്‍ത്ത് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
മോന്‍സണ്‍ മാവുങ്കലിന്റെ അക്കൗണ്ടില്‍ നിന്നും ബിന്ദുലേഖയുടെ അക്കൗണ്ടിലേക്ക് പണം എത്തിയതായി കണ്ടെത്തിയിരുന്നു. അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് ക്രൈംബ്രാഞ്ച് പോകുമെന്നാണ് റിപ്പോര്‍ട്ട്. ഇത് മുന്‍കൂട്ടി കണ്ട് ബിന്ദുലേഖ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നതായാണ് വിവരം.
മോന്‍സനുമായുള്ള സാമ്പത്തിക ഇടപാടിലെ കള്ളപ്പണ കേസില്‍ എസ് സുരേന്ദ്രനെ നേരത്തേ ഇഡി പ്രതിചേര്‍ത്ത് ചോദ്യം ചെയ്തിരുന്നു. കേസിലെ പ്രധാന സാക്ഷിയായ ശില്പി സന്തോഷിനെയും ക്രൈംബ്രാഞ്ച് പ്രതി ചേര്‍ത്തിട്ടുണ്ട്. വ്യാജ പുരാവസ്തുക്കള്‍ മോന്‍സണ്‍ മാവുങ്കലിന് നല്‍കിയത് സന്തോഷ് ആയിരുന്നു.