പാതിവില തട്ടിപ്പ് കേസിൽ കോൺഗ്രസ് നേതാവ് അഡ്വ. ലാലി വിൻസെൻറിനെ ചോദ്യം ചെയ്ത് ക്രൈംബ്രാഞ്ച്. തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഓഫിസിലേക്ക് വിളിച്ചു വരുത്തി, ക്രൈംബ്രാഞ്ച് ഇന്നലെ ലാലിയെ ഏഴ് മണിക്കൂറിലേറെ നേരമാണ് ചോദ്യം ചെയ്തത്. അനന്തുകൃഷ്ണനിൽ നിന്ന് 46 ലക്ഷം രൂപ കൈപ്പറ്റിയതിന്റെ രേഖകളെ കുറിച്ചാണ് ചോദിച്ചത്. തട്ടിപ്പുമായി ബന്ധപ്പെട്ട് കണ്ണൂരിൽ രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയാണ് ലാലി വിൻസന്റ്.
തട്ടിപ്പിൽ മുഖ്യപ്രതി അനന്തു കൃഷ്ണനു മാത്രമല്ല എൻജിഒ കോൺഫെഡറേഷൻറെ മറ്റ് ഭാരവാഹികൾക്കും പങ്കുണ്ടെന്ന തരത്തിലാണ് ലാലി അന്വേഷണ സംഘത്തിന് മൊഴി നൽകിയെതെന്നാണ് സൂചന. ലാലിയുടെ മൊഴി വിശദമായി പരിശോധിച്ച ശേഷം കൂടുതൽ ആളുകളെ ഉടൻ ചോദ്യം ചെയ്യുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. ഏതെങ്കിലും തരത്തിൽ പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട ആസൂത്രണത്തിൽ ലാലിക്ക് പങ്കുണ്ടോ എന്ന തരത്തിലുള്ള അന്വേഷണമാണ് പുരോഗമിക്കുന്നത്.
46 ലക്ഷം രൂപ അനന്തു കൃഷ്ണനിൽ നിന്ന് കൈപ്പറ്റിയെന്ന് ലാലി വിൻസന്റ് നേരത്തെ തന്നെ മാധ്യമങ്ങളോടടക്കം പറഞ്ഞിരുന്നു. എന്നാൽ ഇത് വക്കീൽ ഫീസ് ഇനത്തിൽ കൈപ്പറ്റിയെന്നാണ് ഇവർ ക്രൈം ബ്രാഞ്ചിന് നൽകിയ മൊഴി. ഈ മൊഴി ഇതുവരെ ക്രൈംബ്രാഞ്ച് വിശ്വാസത്തിൽ എടുത്തിട്ടില്ല. ലാലി വിൻസെന്റിനെ മൂന്ന് തവണയോളം ചോദ്യം ചെയ്തിട്ടുണ്ട്. ഇടി കൂടുതൽ തവണ ചോദ്യം ചെയ്യാനുള്ള സാധ്യതയുമുണ്ട്.
അതേസമയം തന്നെ ചോദ്യം ചെയ്യലിന് വിളിച്ചു വരുത്തിയിട്ടില്ലെന്നും തൻറെ ആവശ്യ പ്രകാരം അന്വേഷണ സംഘം തൻറെ മൊഴിയെടുക്കുകയായിരുന്നെന്നുമാണ് ലാലി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചത്. എറണാകുളത്തു നിന്നുളള എഐസിസി അംഗമായ ലാലി വിൻസെൻറ് ഗുജറാത്തിലെ എഐസിസി സമ്മേളനം ഒഴിവാക്കിയാണ് ചോദ്യം ചെയ്യലിന് ഹാജരായത്. എന്നാൽ മറ്റ് ചില തിരക്കുകൾ ഉളളതു കൊണ്ടാണ് എഐസിസി സമ്മേളനത്തിന് പോകാതിരുന്നതെന്നായിരുന്നു ചോദ്യം ചെയ്യലിനു ശേഷമുളള ലാലിയുടെ പ്രതികരണം.
Read more
അനന്തു കൃഷ്ണൻ രാഷ്ട്രീയ നേതാക്കൾക്ക് പണം നൽകിയെന്ന വാർത്തകളും നേരത്തെ പുറത്ത് വന്നിരുന്നു. ഈ പശ്ചാത്തലത്തിൽ പണം വാങ്ങിയ നേതാക്കളുടെ മൊഴി രേഖപ്പെടുത്താനും അന്വേഷണം സംഘം തീരുമാനിച്ചിട്ടുണ്ട്. ഇടുക്കി എംപി ഡീൻ കുര്യാക്കോസ്, സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി സിവി വർഗീസ്, അനന്തു കൃഷ്ണന്റെ സൊസൈറ്റിയിലേക്ക് പണം നൽകിയ ബിജെപി നേതാവ് എ ൻ രാധാകൃഷ്ണൻ അടക്കമുള്ള നേതാക്കളുടെ മൊഴി രേഖപ്പെടുത്തും.