എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ പരാതി നൽകിയിട്ടില്ലെന്ന സന്ദീപ് നായരുടെ അഭിഭാഷകയുടെ പരാമർശത്തിൽ പ്രതികരണവുമായി ക്രൈംബ്രാഞ്ച്. ഇ.ഡിക്കെതിരെ രണ്ടാമത് കേസെടുത്തത് സുനിൽ എന്ന് പേരുള്ള മറ്റൊരു അഭിഭാഷകന്റെ പരാതിയിലാണ്. സന്ദീപിന്റെ അഭിഭാഷകയുടെ പേര് ഒരിടത്തും പറഞ്ഞിട്ടില്ലെന്നും ക്രൈംബ്രാഞ്ച് വൃത്തങ്ങൾ ചൂണ്ടിക്കാട്ടി.
ഇ.ഡിക്കെതിരെ ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത രണ്ടാമത്തെ കേസിൽ പരാതിയുമായി സന്ദീപിന്റെ അഭിഭാഷക പി. വി വിജയം രംഗത്തെത്തിയിരുന്നു. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ സന്ദീപ് നായരോ താനോ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയിട്ടില്ലെന്ന് വിജയം പറഞ്ഞു. താൻ മാത്രമാണ് സന്ദീപിന് അഭിഭാഷകയായിട്ടുള്ളതെന്നും തന്റെ പരാതിയിലാണ് ഇ.ഡിക്കെതിരെ പൊലീസ് കേസെടുത്തതെന്ന വാദം തെറ്റാണെന്നും അഭിഭാഷക പറഞ്ഞിരുന്നു.
മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ ഇ.ഡി സമ്മർദ്ദം ചെലുത്തിയെന്ന സന്ദീപിന്റെ പരാതിയിൽ ക്രൈംബ്രാഞ്ച് കേസെടുത്തതായി റിപ്പോർട്ടുകളുണ്ടായിരുന്നു. സന്ദീപിന്റെ അഭിഭാഷക ഡിജിപിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നും വാർത്ത പുറത്തുവന്നിരുന്നു.