സര്‍ക്കാര്‍ ഭൂമി കൈയേറ്റക്കേസില്‍ മന്ത്രി മണിയുടെ സഹോദരനും കുടുംബത്തിനും എതിരെ ക്രൈം ബ്രാഞ്ചിന്റെ കുറ്റപത്രം

ചിന്നക്കനാലിലെ സര്‍ക്കാര്‍ ഭൂമി വ്യാജരേഖകളും ഉപയോഗിച്ച് കൈവശപ്പെടുത്തിയ കേസില്‍ വൈദ്യുതമന്ത്രി എം എം മണിയുടെ സഹോദരന്‍ എം എം ലംബോദരനും കുടുംബാംഗങ്ങള്‍ക്കുമെതിരെ ക്രൈം ബ്രാഞ്ച് കോടതിയില്‍ കുറ്റപത്രം നല്‍കി.

ചിന്നക്കനാലിലെ വേണാട്ടു താവളത്ത് മൂന്നേക്കര്‍ 98 സെന്റ് സര്‍ക്കാര്‍ ഭൂമി വ്യാജരേഖ ഉപയോഗിച്ച് പ്രതികള്‍ സ്വന്തമാക്കിയെന്നാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്. ലംബോദരന്റെ ഭാര്യാസഹോദരനായ പി എ രാജേന്ദ്രനാണ് കേസില്‍ ഒന്നാം പ്രതി. ലംബോദരന്‍ രണ്ടാംപ്രതിയും.

റവന്യൂരേഖകളില്‍ കൃത്രിമം കാണിച്ച് സര്‍ക്കാര്‍ ഭൂമി പട്ടയഭൂമിയാണെന്ന് വരുത്തിയാണ് മന്ത്രിയുടെ സഹോദരനും കുടുംബാംഗങ്ങളും കോടിക്കണക്കിന് വില മതിക്കുന്ന ചിന്നക്കനാലിലെ ഭൂമി സ്വന്തമാക്കിയതെന്ന് കുറ്റപത്രത്തില്‍ പറയുന്നു.

Read more

ക്രമക്കേടിനു വേണ്ടി വില്ലേജ് ഓഫീസിലെ രേഖകള്‍ കീറി മാറ്റിയെന്നും കുറ്റപത്രത്തിലുണ്ട്. 2007-ല്‍ വി എസ് അച്യുതാനന്ദന്റെ മൂന്നാര്‍ ദൗത്യകാലത്താണ് എം എം മണിയുടെ സഹോദരന്റെ ഇടപാടുകള്‍ ക്രൈം ബ്രാഞ്ച് കണ്ടെത്തിയത്. പന്ത്രണ്ടു വര്‍ഷം നീണ്ട അന്വേഷണത്തിനൊടുവിലാണ് ക്രൈം ബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.