തവനൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും ചാരിറ്റി പ്രവര്‍ത്തകനുമായ ഫിറോസ് കുന്നംപറമ്പില്‍ ക്രിമിനല്‍ കേസില്‍ പ്രതി. നാമനിര്‍ദേശ പത്രികക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. കഴിഞ്ഞദിവസം ഫിറോസിന്റെ പേരില്‍ നിലനില്‍ക്കുന്ന കേസിനെ കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോൾ ഓർമ്മയില്ലെന്നായിരുന്നു മറുപടി. താന്‍ ജയിലില്‍ കിടന്നിട്ടുണ്ടെന്നും എന്നാല്‍ രജിസ്റ്റര്‍ ചെയ്ത കേസ് ഓര്‍മ്മയില്ലായെന്നുമായിരുന്നു ഫിറോസിന്റെ പ്രതികരണം.
ഭീഷണിപ്പെടുത്തി പിടിച്ചു പറിക്കാന്‍ ശ്രമിക്കുക, വീട്ടിലേക്ക് അതിക്രമിച്ച് കയറുക, ‘സ്ത്രീയുടെ മാനത്തെ ഇന്‍സള്‍ട്ട് ചെയ്തു എന്നീ പരാതിയിന്മേലാണ് ഫിറോസ് കുന്നംപറമ്പിലിനെതിരെ ക്രിമിനല്‍ കേസ് രജിസറ്റര്‍ ചെയ്തിരിക്കുന്നത്.
സ്ത്രീകളെ അപമാനിച്ചുവെന്ന ആരോപണത്തില്‍ ഐപിസി 509 പ്രകാരം പാലക്കാട് ജില്ലയിലെ ആലത്തൂര്‍ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഭീഷണിപ്പെടുത്തി പിടിച്ചുപറിക്കാന്‍ ശ്രമം, വീട്ടിലേക്ക് അതിക്രമിച്ചു കയറുക തുടങ്ങിയ പരാതിയില്‍ ഐപിസി 511,451,34 പ്രകാരം എറണാകുളം ജില്ലയിലെ ചേരാനല്ലൂര്‍ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
അതേസമയം തിരഞ്ഞെടുപ്പ് കമ്മീഷനു മുന്നില്‍ സമര്‍പ്പിച്ച വിവരങ്ങള്‍ അനുസരിച്ച് ഫിറോസിന്റെ കൈവശം പണമായുള്ളത് 5500 രൂപയാണ്. സ്ഥാവര ജംഗമ ആസ്തിയായി ഫിറോസിന് 52,58,834 രൂപയുണ്ട്. ഫെഡറല്‍ ബാങ്ക് ആലത്തൂര്‍ ശാഖയില്‍ 8447 രൂപയും സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ 16,132 രൂപയും എച്ചഡിഎഫ്സി ബാങ്കില്‍ 3255 രൂപയും എടപ്പാള്‍ എംഡിസി ബാങ്കില്‍ 1000 രൂപയും നിക്ഷേപമുണ്ട്.