സംസ്ഥാന കോൺഗ്രസിൽ പ്രതിസന്ധി രൂക്ഷം. പാർട്ടിയെ അടിമുടി ഉടച്ചു വാർക്കുന്നതിന് മുന്നോടിയായി കെ.പി.സി.സി പുനഃസംഘടനക്ക് സംസ്ഥാന നേതൃത്വം നീക്കം തുടങ്ങിയതോടെയാണ് പ്രശ്നങ്ങള്‍ സങ്കീർണമായത്. പുതിയ നേതൃത്വത്തിൻെറ സമീപനങ്ങളോട് വിയോജിച്ച് ഗ്രൂപ്പ് നേതാക്കൾക്കുപുറമെ ഗ്രൂപ്പിതര നേതാക്കള്‍കൂടി രംഗത്തു വന്നതോടെ സംസ്ഥാന കോൺഗ്രസിലെ പ്രതിസന്ധി രൂക്ഷമായിയത്. ഹൈക്കമാൻഡ് പ്രതിനിധി നേരിട്ടിടപെട്ടിട്ടും മുൻ കെ.പി.സി.സി അദ്ധ്യക്ഷന്മാർ നിലപാടിൽ അയവില്ലാതെ ഉറച്ചുനിൽക്കുന്നതും പ്രതിസന്ധിയുടെ ആഴം വർധിപ്പിക്കുന്നു.
പുനഃസംഘടന നീക്കം സജീവമായിരിക്കെയാണ് നേതൃത്വം പ്രതിരോധത്തിൽ ആയതെന്നത് സ്ഥിതി സങ്കീർണമാക്കുകയാണ്. കെ.പി.സി.സി ഭാരവാഹി പട്ടിക സെപ്റ്റംബറിൽ തന്നെ പുറത്തിറക്കുകയെന്ന സംസ്ഥാന നേതൃത്വത്തിൻെറ ലക്ഷ്യം ഫലം കാണണമെന്നില്ല. പട്ടിക തയ്യാറാക്കും മുമ്പ് ഇനിയും വിപുലമായ ചർച്ച വേണ്ടി വരുമെന്നു തന്നെയാണ് സൂചന.
കൂടിയാലോചനകൾ നടക്കുന്നില്ലെന്ന പരാതിയാണ് ഗ്രൂപ്പിതര നേതാക്കളും ഉയർത്തുന്നത്. ഇതേ പരാതി ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും നേരത്തേ ഉയർത്തിയപ്പോള്‍, പദവികൾ പങ്കിടുന്നതിനു വേണ്ടിയെന്നു പറഞ്ഞ് തള്ളുകയായിരുന്നു സംസ്ഥാന നേതൃത്വവും ഹൈക്കമാൻഡും. എന്നാൽ, മുല്ലപ്പള്ളി രാമചന്ദ്രനും വി.എം. സുധീരനും അതേ പരാതിയുമായി രംഗത്തു വന്നതോടെ ഹൈക്കമാൻഡിനും നിലപാട് പുനഃപരിശോധിക്കേണ്ടിവരും.
മുതിർന്ന നേതാക്കളെ പോലും വിശ്വാസത്തിലെടുക്കാതെ പുതിയ നേതൃത്വം ഏകപക്ഷീയമായി കാര്യങ്ങൾ തീരുമാനിക്കുന്നെന്ന പരാതി കണ്ടില്ലെന്ന് നടിച്ചാലുണ്ടാകാവുന്ന ഭവിഷ്യത്ത് സംബന്ധിച്ച് ദേശീയ നേതൃത്വത്തിന് ബോദ്ധ്യമുണ്ട്.