തിരുവനന്തപുരത്തെ സ്മാര്‍ട് സിറ്റി റോഡ് നിര്‍മ്മാണ വിവാദവുമായി ബന്ധപ്പെട്ട് മന്ത്രി മുഹമ്മദ് റിയാസിനെതിരെ വീണ്ടും വ്യാജവാര്‍ത്തയുമായി മാധ്യമങ്ങള്‍.
മന്ത്രി മുഹമ്മദ് റിയാസിനെതിരേ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ വിമര്‍ശനമുയര്‍ന്നുവെന്ന വാര്‍ത്തയാണ് മാധ്യമങ്ങള്‍ നല്‍കിയത്. ആദ്യം സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും പിന്നീട് മന്ത്രി മുഹമ്മദ് റിയാസ് തന്നെയും ഇങ്ങനെ ഒരു സംഭവം നടന്നിട്ടില്ലെന്ന് വ്യക്തത വരുത്തിയിട്ടും മാധ്യമങ്ങള്‍ വാര്‍ത്ത തിരുത്താത്തതില്‍ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.
തിരുവനന്തപുരം നഗരസഭയുടെ വികസന സെമിനാറില്‍ മുന്‍ മന്ത്രിയും മുതിര്‍ന്ന നേതാവുമായ കടകംപള്ളി സുരേന്ദ്രന്റെ അഭിപ്രായ പ്രകടനവും അതിന് ശേഷം പൊതുവേദിയിലെ മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രസംഗവും മാധ്യമങ്ങള്‍ വിവാദമാക്കിയിരുന്നു.
പിന്നാലെ പാര്‍ട്ടി ഭരിക്കുന്ന നഗരസഭക്ക് എതിരായി പോലും വ്യാഖ്യാനിക്കാവുന്ന പ്രയോഗം എന്ന രീതിയിലാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ വിഷയം ചര്‍ച്ചക്ക് വന്നതെന്ന് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ അടക്കം മുതിര്‍ന്ന നേതാക്കളില്‍ മിക്കവരും റിയാസിന്റെ നടപടി തെറ്റെന്ന് വിലയിരുത്തിയെന്നും. ഇതോടെ താന്‍ പറഞ്ഞത് കടകംപള്ളിയെക്കുറിച്ചല്ലെന്നും റിയാസ് തിരുത്തിയെന്നുമാണ് മാധ്യമങ്ങഹ വാര്‍ത്ത നല്‍കിയത്.
എന്നാല്‍, ഈ വാര്‍ത്ത മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ പൊളിഞ്ഞു. കടകംപള്ളി സുരേന്ദ്രനുമായി ബന്ധപ്പെട്ട വിവാദത്തില്‍ സിപിഎം സെക്രട്ടേറിയറ്റില്‍ തനിക്കെതിരേ വിമര്‍ശനം ഉയര്‍ന്നെന്ന വാര്‍ത്ത അസംബന്ധമാണെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ് തന്നെ മാധ്യമങ്ങളോട് വ്യക്തമാക്കി. വിമര്‍ശനം ഉണ്ടായെന്ന കാര്യം സിപിഎം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ നിഷേധിച്ചിട്ടുണ്ട്. മാധ്യമങ്ങളുടെ ഭാവനയാണ് വാര്‍ത്തയ്ക്ക് പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കടകംപള്ളിക്കല്ല താന്‍ മറുപടി നല്‍കിയതെന്ന് മുഹമ്മദ് റിയാസ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. റിയാസുമായി യാതൊരു പ്രശ്നവുമില്ലെന്നും വിവാദം മാധ്യമസൃഷ്ടിയാണെന്നും കടകംപള്ളി സുരേന്ദ്രനും പ്രതികരിച്ചിരുന്നു.