മുഹമ്മദ് റിയാസിന് എതിരായ വിമർശനം ചോർന്ന സംഭവം; സി.പി.എം നേതൃത്വത്തിന് അതൃപ്തി

മന്ത്രി മുഹമ്മദ് റിയാസിനെതിരെ നിയമസഭാകക്ഷി യോഗത്തില്‍ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ ചോര്‍ന്നതില്‍ സി.പി.എം നേതൃത്വത്തിന് അതൃപ്തി. എ.കെ.ജി സെന്ററില്‍ ചേര്‍ന്ന നിയമസഭാകക്ഷി യോഗത്തില്‍ കോടിയേരി ബാലകൃഷ്ണനാണ് എം.എല്‍.എമാരെ അതൃപ്തി അറിയിച്ചത്. പാര്‍ട്ടി എം.എല്‍.എമാര്‍ മാത്രം പങ്കെടുത്ത യോഗത്തിലെ ചര്‍ച്ചകള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കുന്നത് സംഘടനാ രീതിയല്ലെന്നും ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കരുതെന്നും കോടിയേരി ബാലകൃഷ്ണൻ താക്കീത് നല്‍കി.

കരാറുകാരേയും കൂട്ടി എം.എല്‍.എമാര്‍ മന്ത്രിക്കു മുന്നിലേക്കു വരരുതെന്നായിരുന്നു ഏഴാം തിയതി ചോദ്യോത്തരവേളയില്‍ മുഹമ്മദ് റിയാസ് പറഞ്ഞത് ഇതിനെതിരേ സി.പി.എം നിയമസഭാകക്ഷി യോഗത്തില്‍ എം.എല്‍.എമാർ വിമര്‍ശനം ഉയർത്തി. തലശ്ശേരി എം.എൽ.എ എ.എൻ ഷംസീറായിരുന്നു വിമർശനത്തിന് തുടക്കമിട്ടത്. എന്നാൽ റിയാസ് പറഞ്ഞത് പാര്‍ട്ടി നിലപാടാണെന്ന് പറഞ്ഞ് മുഖ്യമന്ത്രിയും പാര്‍ട്ടി ആക്ടിംഗ് സെക്രട്ടറി എ.വിജയരാഘവനും റിയാസിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

Read more

തിങ്കളാഴ്ച നടന്ന നിയമസഭാകക്ഷി യോഗത്തില്‍ മുഹമ്മദ് റിയാസ് പങ്കെടുത്തിരുന്നില്ല. എ.എന്‍ ഷംസീര്‍ അടക്കമുള്ള മറ്റ് എം.എല്‍.എമാര്‍ ഇതുമായി ബന്ധപ്പെട്ട് വിശദീകരണത്തിനോ ചര്‍ച്ചകള്‍ക്കോ തയ്യാറായതുമില്ല. സി.പി.എമ്മിന്റെ പുതുതലമുറ നേതാക്കള്‍ക്കിടയിലുള്ള അഭിപ്രായഭിന്നത വളരെ ഗൗരവത്തോടെയാണ് പാര്‍ട്ടി നേതൃത്വം കാണുന്നത്.