മുസ്ലിം ലീഗ് നേതൃത്വത്തിനെതിരെ ഗുരുതര ആരോപണങ്ങൾ ഉയർത്തിയ എംഎസ്എഫ് മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് പിപി ഷൈജലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനം ആരോപിച്ചാണ് സംസ്ഥാന കമ്മിറ്റി നടപടിയെടുത്തിരിക്കുന്നത്. നേരത്തെ ഹരിത വിഷയത്തിൽ നേതൃത്വത്തിനെതിരെ പരസ്യ പ്രതികരണവുമായി ഷൈജൽ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ വൈസ് പ്രസിഡൻറ് സ്ഥാനത്ത് നിന്നും നീക്കിയിരുന്നു. ഷൈജലിനെതിരെ നടപടി എടുക്കണമെന്ന് വയനാട് ജില്ലാ കമ്മിറ്റി സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയത്
വയനാട് ജില്ലാ നേതാക്കൾക്കെതിരെ പ്രളയ ഫണ്ട് തട്ടിപ്പ് ആരോപണം ഷൈജൽ ഉന്നയിച്ചിരുന്നു. പ്രളയ ദുരിതാശ്വാസ ഫണ്ടിൽ നിന്ന് കോടിക്കണക്കിന് രൂപയാണ് നേതാക്കൾ വകമാറ്റിയത്. ഇതിന് പുറമേ ലീഗിലെ ഒരു വിഭാഗം നേതാക്കൾ നിയമസഭ തിരഞ്ഞെടുപ്പിൽ കൽപ്പറ്റയിലെ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന ടി. സിദ്ദിഖിനെ തോൽപ്പിക്കാൻ ശ്രമിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ സെക്രട്ടറി യഹിയ ഖാന്റെ നേതൃത്വത്തിൽ രഹസ്യയോഗം നടന്നിരുന്നു. പണം വാഗ്ദാനം നൽകിയിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. യുഡിഎഫിന് പിൻബലമുള്ള മണ്ഡലങ്ങളിൽ പോലും വോട്ട് ചോരാൻ കാരണം ഇതാണ്. ആരോപണങ്ങൾ ലീഗിനെ പ്രതിരോധത്തിലാക്കിയതോടെയാണ് ഷൈജലിനെതിരെ നടപടി എടുത്തിരിക്കുന്നത്.
അതേസമയം വിമർശനങ്ങൾ ഉന്നയിക്കുന്നവരെ നിശ്ശബ്ദമാക്കുന്ന നടപടിയാണ് ലീഗിന്റേത് എന്ന് ഷൈജല്‍ കുറ്റപ്പെടുത്തി. തെറ്റുകാരെ സംരക്ഷിക്കുകയാണ് നേതൃത്വം. ലീഗിനെതിരെ സംസാരിക്കുന്നവരെയെല്ലാം പുറത്താക്കുന്നതാണ് രീതിയെന്ന് ഷൈജല്‍ പറഞ്ഞു. ലീഗിൽ ഫാസിസമാണ് നടപ്പാക്കുന്നതെന്ന് പി പി ഷൈജൽ ആരോപിച്ചു.