ആരോഗ്യമന്ത്രിക്കെതിരെ പരസ്യ വിമര്ശനം ഉന്നയിച്ച മുന് അട്ടപ്പാടി കോട്ടത്തറ ട്രൈബല് ആശുപത്രി സൂപ്രണ്ടായിരുന്ന ഡോ. പ്രഭുദാസിനെതിരെ ആരോഗ്യവകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു. ആശുപത്രിയിലെ ക്രമക്കേടുകളെക്കുറിച്ചും, പ്രഭുദാസ് ഉന്നയിച്ച ആരോപണങ്ങളും പരിശോധിക്കാനാണ് നിര്ദ്ദേശം. ഇതിനായി ആരോഗ്യവകുപ്പ് ഡയറക്ടറുടെ നേതൃത്വത്തില് മൂന്നംഗ സമിതിയെ നിയോഗിച്ചട്ടുണ്ട്.
അട്ടപ്പാടിയിലെ ശിശുമരണങ്ങളുടെ പഞ്ചാത്തലത്തില് ആരോഗ്യമന്ത്രി വീണാ ജോര്ജ് സന്ദര്ശനത്തിന് എത്തിയതിന് പിന്നാലെയായിരുന്നു പ്രഭുദാസ് ആരോപണങ്ങള് ഉന്നയിച്ചത്. അട്ടപ്പാടിയില് ശിശുമരണങ്ങള് നടക്കുമ്പോള് മാത്രമാണ് സര്ക്കാര് തിരിഞ്ഞുനോക്കുന്നത്. ഇല്ലാത്ത മീറ്റിങ്ങിന്റെ പേരില് തന്നെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ച ശേഷമാണ് മന്ത്രി അട്ടപ്പാടിയിലേക്ക് എത്തിയത്. തന്നെ അഴിമതിക്കാരനായി ചിത്രീകരിക്കാന് ശ്രമങ്ങള് നടന്നു. കൈക്കൂലി ആരോപണം ഉന്നയിച്ചതിനാണ് തന്നെ മാറ്റി നിര്ത്തിയത്.
ആശുപത്രിയിലെ ആവശ്യങ്ങള് വ്യക്തമാക്കി സര്ക്കാരിന് പല തവണ കത്ത് നല്കിയിട്ടും അനുകൂല നടപടി ഉണ്ടായില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. ആരോഗ്യമന്ത്രിക്കെതിരെ അടക്കം പരസ്യ പ്രതികരണവുമായി രംഗത്ത് വന്നതോടെ പ്രഭുദാസിനെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് സ്ഥലം മാറ്റിയിരുന്നു. കോട്ടത്തറ ആശുപത്രിയില് എച്ച്എംസി അംഗങ്ങള് അഴിമതി നടത്തിയെന്ന ആരോപണങ്ങളില് നിന്ന് പിന്നോട്ടില്ലെന്നും തെളിവുകള് ഉണ്ടെന്നുമായിരുന്നു പ്രഭുദാസിന്റെ വാദം.