പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച പോസ്റ്റ് പിന്‍വലിച്ച് ക്ഷമ ചോദിച്ച് കോണ്‍ഗ്രസ്. കോൺഗ്രസ് കേരള എന്ന കോൺഗ്രസിന്റെ ഔദ്യോഗിക പേജിലാണ് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. ‘ഒടുവില്‍ മാര്‍പാപ്പയ്ക്ക് ദൈവത്തെ കാണാനുള്ള അവസരം ലഭിച്ചു’ എന്ന കുറിപ്പോടെയായിരുന്നു പോസ്റ്റ്. ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച്ച നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രമായിരുന്നു കോണ്‍ഗ്രസ് പങ്കുവെച്ചത്.
തന്നെ അയച്ചത് ദൈവമാണ് എന്ന മോദിയുടെ പരാമര്‍ശത്തെ പരിഹസിക്കുന്നതായിരുന്നു കോണ്‍ഗ്രസിന്റെ ട്വീറ്റ്. പിന്നാലെ ക്രിസ്ത്യന്‍ സമൂഹത്തെ കോണ്‍ഗ്രസ് അപമാനിച്ചു എന്നാരോപിച്ച് ബിജെപി സംസ്ഥാന അധ്യക്ഷനടക്കം രംഗത്തെത്തുകയായിരുന്നു. തുടർന്നാണ് പോസ്റ്റ് പിൻവലിച്ചത്. എല്ലാ മതങ്ങളെയും വിശ്വാസങ്ങളെയും ചേര്‍ത്ത് പിടിച്ച് സൗഹാര്‍ദ്ദപരമായ അന്തരീക്ഷത്തില്‍ ജനങ്ങളെ മുന്നോട്ടു നയിക്കുന്ന പ്രസ്ഥാനമാണ് കോണ്‍ഗ്രസ്’ എന്ന വിശദീകരണം നല്‍കികൊണ്ടാണ് പോസ്റ്റ് പിന്‍വലിച്ചത്.
ഒരു മതത്തെയും മതപുരോഹിതന്മാരെയും ആരാധനാമൂര്‍ത്തികളെയും അപമാനിക്കുകയും അവഹേളിക്കുകയും ചെയ്യുന്നത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പാരമ്പര്യമല്ല. ലോകമെമ്പാടുമുള്ള ക്രിസ്തുമത വിശ്വാസികള്‍ ദൈവതുല്യനായി കാണുന്ന മാര്‍പാപ്പയെ അവഹേളിക്കുക എന്ന വിദൂര ചിന്ത പോലും കോണ്‍ഗ്രസിന്റെ ഒരു പ്രവര്‍ത്തകനും ഉണ്ടാകില്ലെന്നും എന്നാല്‍, സ്വയം ദൈവമാണെന്ന് പറഞ്ഞ് ഈ നാട്ടിലെ വിശ്വാസികളെ അപമാനിക്കുന്ന നരേന്ദ്രമോദിയെ പരിഹസിക്കാന്‍ കോണ്‍ഗ്രസിന് ഒരു മടിയുമില്ല എന്നും കോണ്‍ഗ്രസ് പറഞ്ഞു.
ക്രിസ്തീയ സമൂഹത്തോട് ആത്മാര്‍ത്ഥമായ സ്നേഹമുണ്ടെങ്കില്‍ അവരുടെ ദേവാലയങ്ങള്‍ മണിപ്പൂരില്‍ തീയിട്ടു നശിപ്പിച്ചപ്പോള്‍ മൗനം പാലിച്ച മോദിയും കൂട്ടരും ആദ്യം ക്രിസ്തീയ സമൂഹത്തോട് നിരുപാധികം മാപ്പ് പറയണം. പോസ്റ്റ് ക്രിസ്തുമത വിശ്വാസികള്‍ക്ക് ഏതെങ്കിലും തരത്തില്‍ വൈകാരികമോ മാനസികമോ ആയ വിഷമം ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍ നിരുപാധികം ക്ഷമ ചോദിക്കുന്നുവെന്നും കോണ്‍ഗ്രസ് പറഞ്ഞു.
ഒരു മതത്തെയും മതപുരോഹിതന്മാരെയും ആരാധനാമൂർത്തികളെയും അപമാനിക്കുകയും അവഹേളിക്കുകയും ചെയ്യുന്നത് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പാരമ്പര്യമല്ലെന്ന് ഈ നാട്ടിലെ ജനങ്ങൾക്ക് മുഴുവനും അറിയാം. എല്ലാ മതങ്ങളെയും വിശ്വാസങ്ങളെയും ചേർത്ത് പിടിച്ച് സൗഹാർദ്ദപരമായ അന്തരീക്ഷത്തിൽ ജനങ്ങളെ മുന്നോട്ടു… pic.twitter.com/Jg7HBh9BMw
— Congress Kerala (@INCKerala) June 16, 2024