പത്തുകോടി രൂപയുടെ തട്ടിപ്പ് കേസില്‍ പ്രവാസി വ്യവസായി അറസ്റ്റില്‍. ചേര്‍ത്തല സ്വദേശിയും പ്രവാസി മലയാളി ഫെഡറേഷന്‍ രക്ഷാധികാരിയും രാജ്യാന്തര വ്യവസായിയുമായ മോണ്‍സണ്‍ മാവുങ്കലാണ് പിടിയിലായത്. കോടികളുടെ പുരാവസ്തുക്കള്‍ കയ്യിലുണ്ടെന്ന് അവകാശപ്പെട്ട് നാല് കോടി രൂപ തട്ടിയ കേസിലാണ് തൃപ്പുണിത്തുറ ക്രൈം ബ്രാഞ്ച് സംഘം ഇയാളെ അറസ്റ്റ് ചെയ്തത്.
പത്തുകോടി രൂപ വിലമതിക്കുന്ന പുരാവസ്തുക്കള്‍ തന്റെ കൈവശമുണ്ടെന്ന് കാട്ടിയാണ് ഇയാള്‍ പണം തട്ടിയത്. അഞ്ചു പേരില്‍ നിന്ന് 10 കോടി രൂപയാണ് തട്ടിയെടുത്തത്. സംസ്ഥാനത്തെ നിരവധി പ്രമുഖരുമായി ബന്ധമുള്ളയാളാണ് മോന്‍സന്‍ മാവുങ്കല്‍. ഇയാളുടെ കലൂരിലെ വീട്ടില്‍ ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തുകയാണ്. 2,62,000 കോടി രൂപ തന്റെ ബാങ്ക് അക്കൗണ്ടിലെത്തി. അത് തിരിച്ചെടുക്കുന്നതിന് കുറച്ച് പണത്തിന്റെ ആവശ്യമുണ്ട്. അതിനുവേണ്ടി സഹായം ചെയ്തു നല്‍കിയാല്‍ ബിസിനസ് സംരംഭങ്ങള്‍ക്ക് താന്‍ പലിശ രഹിതവായ്പ നല്‍കാമെന്ന വാഗ്ദാനം നല്‍കിയാണ് മോന്‍സന്‍ തട്ടിപ്പ് നടത്തിയിരിക്കുന്നത്. ശനിയാഴ്ച ചേര്‍ത്തലയില്‍ നിന്നാണ് മോന്‍സന്‍ മാവുങ്കലിനെ കൊച്ചിയില്‍ നിന്നുള്ള സംഘം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം ഇയാളുടെ മകളുടെ വിവാഹ നിശ്ചമായിരുന്നു. ബിസിനസ് ശത്രുതയുള്ളവര്‍ മനപ്പൂര്‍വം അദ്ദേഹത്തെ കേസില്‍ കുടുക്കുകയായിരുന്നു എന്നാണ് അടുത്ത സുഹൃത്തുക്കള്‍ പറയുന്നത്. കൊച്ചി കേന്ദ്രീകരിച്ച് പുരാവസ്തു കേന്ദ്രം നടത്തുകയായിരുന്നു ഇയാള്‍. പുരാവസ്തു കേന്ദ്രത്തിലുള്ള പല വസ്തുക്കളും അതി പുരാതനവും കോടിക്കണക്കിന് രൂപ വിലവരുന്നതും ആണെന്നാണ് ഇയാള്‍ പ്രചരിപ്പിച്ചിരുന്നത്. എന്നാല്‍ ഇതില്‍ പലതിലും തട്ടിപ്പുണ്ടെന്നാണ് ഇയാള്‍ക്കെതിരായ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത്.
കൊച്ചി കലൂരിലാണ് പുരാവസ്തു കേന്ദ്രമുള്ളത്. അവിടേക്ക് സംസ്ഥാനത്തെ പല പ്രമുഖരേയും വിളിച്ചു വരുത്തി സത്കരിക്കുന്ന പതിവുണ്ടായിരുന്നു. അത്തരത്തില്‍ ഉന്നതരായ പലരേയും ചൂണ്ടിക്കാണിച്ച് അവരുമായുള്ള ബന്ധം വ്യക്തമാക്കിയാണ് തട്ടിപ്പ് നടത്തിയിരുന്നത്. കൂടാതെ ഇയാള്‍ക്ക് ചില സിനിമാ ബന്ധങ്ങളും ഉണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത്. ഇയാളുമായി ബന്ധപ്പെട്ട് കൂടുതല്‍ തട്ടിപ്പുകള്‍ നടന്നിട്ടുണ്ടോ എന്നാണ് ഇപ്പോള്‍ ക്രൈംബ്രാഞ്ച് പരിശോധിച്ച് വരുകയാണ്. ഇയാളെ ഞായറാഴ്ച വൈകുന്നേരത്തോടെ കോടതിയില്‍ ഹാജരാക്കും.