ശബരിമലയില്‍ നിയന്ത്രണാതീതമായി ഭക്തജന തിരക്ക്; നിരവധി പേര്‍ക്ക് ദേഹാസ്വാസ്ഥ്യം

ശബരിമലയില്‍ ഭക്തജന തിരക്ക് നിയന്ത്രണാതീതമായി തുടരുന്നു. വന്‍ തിരക്കിനെ തുടര്‍ന്ന് ഹൈക്കോടതി ജഡ്ജി ബസന്ത് ബാലാജി ഉള്‍പ്പെടെ നിരവധി ഭക്തര്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. വെള്ളിയാഴ്ച രാത്രി നട അടച്ചതിന് ശേഷവും വലിയ തിരക്കാണ് സന്നിധാനത്ത് അനുഭവപ്പെട്ടത്. സന്നിധാനത്ത് വിവിധയിടങ്ങളിലായി പൊലീസ് സ്ഥാപിച്ചിരുന്ന ബാരിക്കേടുകള്‍ തകര്‍ത്ത് തീര്‍ത്ഥാടകര്‍ നിര തെറ്റിച്ച് തള്ളിക്കയറി.

സന്നിധാനത്തെ തിരക്ക് നിയന്ത്രണാതീതമായതോടെ വെള്ളിയാഴ്ച രാത്രി 10 മുതല്‍ പത്തനംതിട്ടയിലും നിലയ്ക്കലിലും കെഎസ്ആര്‍ടിസി ബസുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ മണിക്കൂറുകള്‍ പിടിച്ചിട്ടു. വാഹനങ്ങളുടെ നിയന്ത്രണം ഇപ്പോഴും തുടരുന്നുണ്ട്. വെള്ളിയാഴ്ച രാത്രി 11ന് ശേഷം പമ്പയിലെത്തിയ ഭക്തരെ ഇതുവരെ സന്നിധാനത്തേക്ക് കടത്തി വിട്ടിട്ടില്ല.

വെള്ളിയാഴ്ച നെയ്യഭിഷേകം ചെയ്യാന്‍ കഴിയാതെ വന്ന നിരവധി ഭക്തര്‍ സന്നിധാനത്ത് തമ്പടിച്ചതോടെയാണ് തിരക്ക് നിയന്ത്രണാതീതമായത്. സന്നിധാനത്ത് പല ഭാഗങ്ങളിലും തീര്‍ത്ഥാടകരും പൊലീസും തമ്മില്‍ വാക്കേറ്റമുണ്ടായി. നിലവില്‍ ദര്‍ശനത്തിനായി 12 മണിക്കൂറിലേറെ കാത്തുനില്‍ക്കേണ്ട അവസ്ഥയാണുള്ളത്. വന്‍ തിരക്ക് അനുഭവപ്പെടുന്നതിനെ തുടര്‍ന്ന് സ്‌പോട്ട് ബുക്കിംഗ് താത്കാലികമായി നിറുത്തിവച്ചു.