ശബരിമലയിലെ തീര്‍ത്ഥാടകരുടെ തിരക്ക്; വിഷയത്തില്‍ ഇടപെട്ട് ഹൈക്കോടതി; പ്രശ്‌നങ്ങള്‍ പഠിക്കാന്‍ അഭിഭാഷക സംഘത്തെ അയച്ചേക്കും

ശബരിമലയില്‍ തീര്‍ത്ഥാടകര്‍ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ച് പഠിക്കാന്‍ അഭിഭാഷകരുടെ സംഘത്തെ നിയോഗിക്കുന്നത് ഹൈക്കോടതിയുടെ പരിഗണനയില്‍. ഇതിനായി 12 അംഗ അഭിഭാഷക സംഘത്തെ അയയ്ക്കാനാണ് ഹൈക്കോടതി നീക്കം. വിശ്രമ സ്ഥലങ്ങളും ക്യൂ കോംപ്ലക്‌സുകളും സന്ദര്‍ശിച്ച് സംഘം പരിശോധന നടത്തണമെന്നാണ് ഹൈക്കോടതി നിര്‍ദ്ദേശം.

തീര്‍ത്ഥാടകര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍, ലഭ്യമായ സൗകര്യങ്ങള്‍ എന്നിവ അഭിഭാഷക സംഘം വിലയിരുത്തും. കഴിഞ്ഞ വര്‍ഷം ദര്‍ശനത്തിനായി തീര്‍ത്ഥാടകര്‍ക്ക് ഇത്രയധികം സമയം കാത്ത് നില്‍ക്കേണ്ടി വന്നിട്ടില്ലെന്നും കോടതി വ്യക്തമാക്കി. എലവുങ്കലില്‍ ആഹാരവും വെള്ളവും ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഒരുക്കണമെന്നും ഹൈക്കോടതി അറിയിച്ചു.

ബുക്കിംഗ് ഇല്ലാതെ പ്രതിദിനം 5000 മുതല്‍ 10,000 വരെ തീര്‍ത്ഥാടകര്‍ എത്തുന്നുവെന്നും കോടതി വിലയിരുത്തി. തീര്‍ത്ഥാടകരുടെ തിരക്ക് അനിയന്ത്രിതമായതോടെ വിഷയത്തില്‍ സ്വമേധയാ ഹര്‍ജി ഫയലില്‍ സ്വീകരിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കുകയായിരുന്നു. തിരക്ക് നിയന്ത്രണ വിധേയമാക്കാന്‍ ര്‍ശന സമയം ഒന്നര മണിക്കൂര്‍ ദീര്‍ഘിപ്പിച്ചിട്ടുണ്ട്.

Read more

രാവിലെ അര മണിക്കൂറും ഉച്ചയ്ക്ക് ശേഷം ഒരു മണിക്കൂറും നേരത്തെ നട തുറന്നാണ് സമയ ക്രമീകരണം നടത്തിയിരിക്കുന്നത്. വെര്‍ച്ച്വല്‍ ക്യൂ വഴിയുള്ള തീര്‍ത്ഥാടകരുടെ എണ്ണം ദിവസം എണ്‍പതിനായിരം ആയി പരിമിതപ്പെടുത്തിയിട്ടുണ്ട്. ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രന്‍,ജി.ഗിരീഷ് എന്നിവരുള്‍പ്പെട്ട ദേവസ്വം ബഞ്ചാണ് ശബരിമലയിലെ തിരക്ക് സംബന്ധിച്ച വിഷയം പരിഗണിക്കുന്നത്.