പത്തനംതിട്ടയില്‍ നിന്ന് കാണാതായ ജസ്‌ന ജെയിംസിന്റെ തിരോധാനത്തില്‍ നിര്‍ണായക വഴിത്തിരിവ്. ജസ്‌നയെ കാണാതാകുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് മുണ്ടക്കയത്തെ ഒരു ലോഡ്ജില്‍ ജസ്‌നയുമായി സാമ്യമുള്ള ഒരു പെണ്‍കുട്ടിയെ കണ്ടിരുന്നതായി ജീവനക്കാരിയുടെ വെളിപ്പെടുത്തല്‍. സ്വകാര്യ ചാനലിനോട് ആയിരുന്നു ജീവനക്കാരിയുടെ തുറന്നുപറച്ചില്‍.
ജസ്‌നയുമായി സാമ്യമുണ്ടായിരുന്ന പെണ്‍കുട്ടിയ്‌ക്കൊപ്പം അജ്ഞാതനായ ഒരു യുവാവും ഉണ്ടായിരുന്നതായി ലോഡ്ജിലെ ജീവനക്കാരി കൂട്ടിച്ചേര്‍ത്തു. ഇവര്‍ ജോലി നോക്കിയിരുന്ന ലോഡ്ജിന് സമീപത്ത് നിന്നായിരുന്നു ജസ്‌നയുടെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നത്. പത്രത്തിലെ ചിത്രം കണ്ടാണ് ജസ്‌നയെ തിരിച്ചറിഞ്ഞതെന്ന് ജീവനക്കാരി പറഞ്ഞു.
രാവിലെ 11.30ഓടെയായിരുന്നു ജസ്‌നയോട് സാദൃശ്യമുള്ള പെണ്‍കുട്ടിയെ കണ്ടത്. വെളുത്തു മെലിഞ്ഞ രൂപമായിരുന്നു. തലമുടിയില്‍ എന്തോ കെട്ടിയിരുന്നു. ടെസ്റ്റ് എഴുതാന്‍ പോവുകയാണെന്നും സുഹൃത്ത് വരാനുണ്ടെന്നുമാണ് പെണ്‍കുട്ടി പറഞ്ഞിരുന്നത്. ഉച്ചയോടെ ഒരു യുവാവ് എത്തി. പിന്നാലെ നാല് മണി കഴിഞ്ഞ് ഇരുവരും ലോഡ്ജില്‍ നിന്ന് പോയി.
പത്രത്തില്‍ ജസ്‌നയുടെ ചിത്രം കണ്ടതോടെ ലോഡ്ജ് ഉടമയോട് വിവരം പറഞ്ഞെങ്കിലും ഇതേ കുറിച്ച് ആരോടും ഒന്നും പറയരുതെന്ന നിര്‍ദ്ദേശമാണ് ലഭിച്ചതെന്ന് സ്ത്രീ പറയുന്നു. നേരത്തെ സിബിഐ ഏറ്റെടുത്ത കേസ് അന്വേഷണം അവസാനിപ്പിക്കുന്നുവെന്ന് കാട്ടി കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
എന്നാല്‍ ജസ്‌നയുടെ പിതാവ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് തുടരന്വേഷണത്തിന് കോടതി ഉത്തരവിട്ടത്. തന്റെ സ്വകാര്യ അന്വേഷണത്തില്‍ കണ്ടെത്തിയ തെളിവുകളും രേഖകളും ഫോട്ടോകളടക്കമുള്ള ഡിജിറ്റല്‍ തെളിവുകളും മുദ്രവച്ച കവറില്‍ ഹാജരാക്കിയിരുന്നു.