കുസാറ്റ് അപകടത്തില്‍ മരിച്ചവരുടെ പ്രാഥമിക പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. നാല് പേരാണ് അപകടത്തില്‍ മരിച്ചത്. നാല് പേരുടെയും ശ്വാസകോശത്തിനും തലയ്ക്കുമേറ്റ പരിക്കുകളാണ് മരണകാരണം. മരണപ്പെട്ടവരുടെ നെഞ്ചിലടക്കം ചതവേറ്റിട്ടുണ്ട്. പരിക്കുകളെ തുടര്‍ന്നുണ്ടായ ശ്വാസ തടസവും മരണകാരണമായെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
പരിക്കേറ്റതിനെ തുടര്‍ന്ന് നിലവില്‍ ചികിത്സയില്‍ തുടരുന്നത് 38 പേരാണ്. ഇതില്‍ 34 പേര്‍ കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും രണ്ട് പേര്‍ കിന്‍ഡര്‍ ആശുപത്രിയിലും ചികിത്സയില്‍ തുടരുന്നു. ഇവരുടെ നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിക്കുന്നു. അതേ സമയം ആസ്റ്റര്‍ മെഡിസിറ്റിയില്‍ ചികിത്സയില്‍ കഴിയുന്ന രണ്ട് പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു.
ഷേബ, ഗീതാഞ്ജലി വിനോദ്് എന്നിവരാണ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നത്. അതേസമയം കുസാറ്റില്‍ സംഗീതനിശയ്ക്ക് പൊലീസ് അനുമതി തേടിയിട്ടില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ എ അക്ബര്‍ പറഞ്ഞു. അനുമതി തേടി പൊലീസിന് കത്ത് ലഭിച്ചിട്ടില്ല. ക്യാംപസിനകത്ത് അനുമതിയില്ലാതെ പൊലീസ് കയറാറില്ലെന്നും ഇത്തരം പരിപാടികള്‍ ഇവിടെ നടക്കാറുണ്ടെന്നും ഡിസിപി കെ സുദര്‍ശനും പറഞ്ഞു.
വിദ്യാര്‍ഥികള്‍ക്കു പുറമെ പുറത്തു നിന്നുള്ള കാണികളും തിക്കിക്കയറിയാതാണ് ദുരന്തത്തിന് കാരണമെന്ന് കുസാറ്റ് സ്റ്റുഡന്റ് കോര്‍ഡിനേറ്റര്‍ ബേബി പറഞ്ഞു. എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ നടത്തുന്ന പരിപാടി എല്ലാവര്‍ഷവും നടത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു. കുസാറ്റില്‍ പരിപാടി കാണാന്‍ പുറത്തുനിന്നുള്ള വിദ്യാര്‍ത്ഥികളും പൊതുജനങ്ങളും തള്ളിക്കയറിയതാണ് അപകടകാരണമെന്നാണ് വിസി നിയോഗിച്ച സിന്‍ഡിക്കേറ്റ് ഉപസമിതിയുടെ റിപ്പോര്‍ട്ട്.
പ്രോഗ്രാം തുടങ്ങുന്നതിന് മുന്‍പ് തന്നെ വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിച്ചിരുന്നു. വലിയ ഒരു വിഭാഗം വിദ്യാര്‍ത്ഥികളും പൊതുജനങ്ങളും പരിപാടി കാണാന്‍ പുറത്ത് തടിച്ചു കൂടിയിരുന്നു. പരിപാടി തുടങ്ങാറായപ്പോള്‍ എല്ലാവരും അകത്തേക്ക് കയറുവാന്‍ ശ്രമിച്ചു. പ്രോഗ്രാം തുടങ്ങാറായപ്പോള്‍ മഴ ചാറി തുടങ്ങുകയും എല്ലാവരും അകത്തേക്ക് തള്ളിക്കയറുകയും ചെയ്തു.
അപ്പോള്‍ സ്റ്റെപ്പില്‍ ഉണ്ടായിരുന്ന വിദ്യാര്‍ഥികള്‍ വീഴുകയും മറ്റുള്ളവര്‍ അവരുടെ മീതെ വീഴുകയും ചെയ്തു. ഈ വീഴ്ചയുടെ ഭാഗമായി കുട്ടികള്‍ക്ക് സാരമായി പരുക്കേല്‍ക്കുകയും ചെയ്തു.