യുഎഇയില്‍ നിന്നും നയതന്ത്ര ചാനലിലൂടെ ഖുര്‍ആന്‍ കൊണ്ടുവന്ന സംഭവത്തില്‍ കസ്റ്റംസ് കേസെടുത്തു. നയതന്ത്ര ബാഗിലൂടെ എത്തിയ വസ്തുക്കളെ പുറത്ത് വിതരണം ചെയ്യുന്നത് നിയമലംഘനമാണെന്ന വിലയിരുത്തലിലാണ് കസ്റ്റംസ് കേസ് എടുത്തിരിക്കുന്നത്. യുഎഇ കോണ്‍സുലേറ്റിനെ എതിര്‍കക്ഷിയായി രജിസ്റ്റര്‍ ചെയ്ത കേസില്‍ മന്ത്രി കെടി ജലീലിനെ കസ്റ്റംസും ചോദ്യംചെയ്യും.
നയതന്ത്ര ചാനല്‍ വഴി കേരളത്തിലെത്തിച്ച മതഗ്രന്ഥങ്ങള്‍ സംസ്ഥാനത്ത് പലസ്ഥലങ്ങളിലും വിതരണം ചെയ്തതില്‍ നിയമലംഘനം നടന്നിട്ടുണ്ടെന്നാണ് കസ്റ്റംസിന്റെ പ്രാഥമിക വിലയിരുത്തല്‍. ഇത് അന്വേഷിക്കുന്നതിനായി സ്‌പെഷ്യല്‍ ടീമിനെ കസ്റ്റംസ് നിയോഗിച്ചു.
ഖുര്‍ആന്‍ കൈപ്പറ്റുന്നതിനായി എന്തുകൊണ്ട് മുന്‍കൂര്‍ അനുമതി തേടിയില്ല. കേന്ദ്രത്തെ എന്തുകൊണ്ട് അറിയിച്ചില്ല എന്നിവയായിരുന്നു എന്‍ഐഎ മന്ത്രി മുന്നില്‍ ഉയര്‍ത്തിയ ചോദ്യങ്ങള്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. കോണ്‍സുലേറ്റുമായുള്ള ഇടപെടലില്‍ മന്ത്രി ചട്ടങ്ങള്‍ പാലിച്ചില്ലെന്നാണ് എന്‍ഐഎയുടെയും നിലപാട്. ഇതുസംബന്ധിച്ച മൊഴി എന്‍ഐഎ ഹെഡ്ക്വാട്ടേഴ്‌സിന് കൈമാറി.