ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്റെ വാദമുഖങ്ങളെ തള്ളി സിപിഐഎം ഇടുക്കി ജില്ലാ നേതൃത്വം. രാജേന്ദ്രന്‍ പാര്‍ട്ടിയില്‍ ഇല്ലെന്നും മെമ്പര്‍ഷിപ്പ് പുതുക്കിയിട്ടില്ലെന്നും സിപിഐഎം ജില്ലാ സെക്രട്ടറി സി വി വര്‍ഗ്ഗീസ് വ്യക്തമാക്കി. ദേവികുളം മണ്ഡലത്തിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എസ് രാജേന്ദ്രനും സിപിഐഎം നേതൃത്വവുമായിട്ടുള്ള പോര് മുറുകിയ പശ്ചാത്തലത്തിലാണ് രാജേന്ദ്രനെ പൂര്‍ണ്ണമായും തള്ളി ജില്ലാ സെക്രട്ടറി രംഗത്തെത്തിയത്.
രാജേന്ദ്രന്‍ വരുത്തിവച്ചതാണ് രാജേന്ദ്രന്റെ രാഷ്ട്രീയ ദുരന്തങ്ങള്‍ എന്നും സി വി വര്‍ഗ്ഗീസ് പറഞ്ഞു. എല്ലാ മാര്‍ച്ച് മാസത്തിലും പാര്‍ട്ടി മെമ്പര്‍ഷിപ്പ് പുതുക്കേണ്ടതാണ്. മെമ്പര്‍ഷിപ്പ് പുതുക്കണമെന്ന് കാണിച്ച് പാര്‍ട്ടി ജില്ലാ സെക്രട്ടറി നേരിട്ട് രാജേന്ദ്രന് കത്ത് നല്‍കി. എന്നാല്‍ മറുപടി നല്‍കുകയോ മെമ്പര്‍ഷിപ്പ് പുതുക്കുകയോ ചെയ്തിട്ടില്ല. സി വിവര്‍ഗ്ഗീസ് വ്യക്തമാക്കി.
‘ആദ്യ കാലഘട്ടത്തില്‍ നന്നായി പ്രവര്‍ത്തിച്ച രാജേന്ദ്രന്‍ കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായിട്ടാണ് പ്രവര്‍ത്തിച്ചത്. രാജേന്ദ്രന്‍ ഉള്‍പ്പെടുന്ന ഘടകം ഏകകണ്ഠമായിട്ടാണ് അന്വേഷണ കമ്മീഷനെ തീരുമാനിച്ചത്. തുടര്‍ന്ന് റിപ്പോര്‍ട്ട് അംഗീകരിച്ചതും കുറ്റപത്രം നല്‍കിയതും നടപടിയ്ക്ക് ശുപാര്‍ശ ചെയ്തതും ഏകകണ്ഠമായുള്ള തീരുമാനമാണ്. ജില്ലയിലെ ഒരു പ്രവര്‍ത്തകനും കിട്ടാത്ത ആനുകൂല്യം രാജേന്ദ്രന് ലഭിച്ചിട്ടുണ്ടെന്നും സിവി വര്‍ഗ്ഗീസ് പറഞ്ഞു.