അച്ചു ഉമ്മനെതിരായ സൈബര്‍ അധിക്ഷേപം; ഇടത് സംഘടനാ നേതാവിനെതിരെ കേസെടുത്തു

അച്ചു ഉമ്മനെതിരെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ട സെക്രട്ടേറിയേറ്റിലെ മുന്‍ ഇടത് നേതാവ് നന്ദകുമാറിനെതിരെ കേസെടുത്തു. സ്ത്രീത്വ അപമാനിച്ച് പോസ്റ്റ് ഇട്ടതിനാണ് കേസ്. ജാമ്യം ലഭിക്കുന്ന വകുപ്പ് പ്രകാരമാണ് കേസ്. പൂജപ്പുര പൊലീസാണ് കേസെടുത്തത്. അച്ചു ഉമ്മന്‍ ഡിജിപിക്ക് നല്‍കിയ പരാതിയിലാണ് കേസ്.

അതിനിടെ, അച്ചു ഉമ്മനെതിരായ സൈബര്‍ അധിക്ഷേപത്തില്‍ മാപ്പുചോദിച്ച് നന്ദകുമാര്‍ രംഗത്തുവന്നു. അച്ചു ഉമ്മന്‍ പരാതി നല്‍കിയതിനു പിന്നാലെയാണ് ഖേദപ്രകടനം. പുതുപ്പള്ളി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് സോഷ്യല്‍ മീഡിയയില്‍ സൈബര്‍ ആക്രമണം തുടങ്ങിയത്. അതിനിടെ മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനുമായി ബന്ധപ്പെട്ട് വിവാദം ഉയര്‍ന്നതോടെ പ്രതിരോധം തീര്‍ക്കാന്‍ ഇടത് ക്യാമ്പുകള്‍ അച്ചു ഉമ്മനെ ഉപയോഗിക്കുകയായിരുന്നു.

വിവാദങ്ങളില്‍ പ്രതികരിച്ച് അച്ചു ഉമ്മന്‍ നേരത്തെ തന്നെ ഫെയ്സ്ബുക്ക് കുറിപ്പ് ഇട്ടിരുന്നു. പ്രഫഷനില്‍ പിതാവ് ഉമ്മന്‍ ചാണ്ടിയുടെ പേര് ഉപയോഗിച്ച് ഒരു നേട്ടവും സ്വന്തമാക്കിയിട്ടില്ലെന്നും എല്ലാ കാര്യങ്ങളിലും സുതാര്യത പുലര്‍ത്തിയിട്ടുണ്ടെന്നും അച്ചു ഉമ്മന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.

സൈബര്‍ പോരാളികള്‍ കരിയറുമായി ബന്ധപ്പെടുത്തി വ്യജപ്രചാരണങ്ങള്‍ നടത്തുന്നതു ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. പിതാവിന്റെ സല്‍പ്പേരിനു കളങ്കമുണ്ടാക്കുന്ന തരത്തിലാണ് ഇടപെടലുകളെന്നും ഇത് വളരെ നിരാശാജനകമാണെന്നും അച്ചു ഉമ്മന്‍ കുറിച്ചു.