അച്ചു ഉമ്മനെതിരായ സൈബര്‍ ആക്രമണ കേസ്: പ്രതി നന്ദകുമാറിനെ പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചു

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മനെതിരായ സൈബര്‍ ആക്രമണ കേസില്‍ പ്രതി നന്ദകുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. ആവശ്യമെങ്കില്‍ ഇയാളെ വീണ്ടും വിളിച്ച് വരുത്തുമെന്നും പൊലീസ് അറിയിച്ചു. നന്ദകുമാറിന്റ ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

നന്ദകുമാര്‍ ആദ്യം പൊലീസിന് മുന്നില്‍ ഹാജരാക്കിയത് ഫേസ്ബുക്ക് ഉപയോഗിക്കാന്‍ സാധിക്കാത്ത മറ്റൊരു ഫോണുമായി ആയിരുന്നു. എന്നാല്‍ പൊലീസ് സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഇയാള്‍ യഥാര്‍ത്ഥ ഫോണ്‍ ഹാജരാക്കുകയായിരുന്നു. ഫേസ്ബുക്കില്‍ നിന്നും മറുപടി ലഭിച്ച ശേഷം ഇയാളെ വീണ്ടും ചോദ്യം ചെയ്യും.

അച്ചു ഉമ്മനെതിരായ സൈബര്‍ അധിക്ഷേപത്തില്‍ പൊലീസ് കാര്യമായ നടപടി കൈക്കൊള്ളുന്നില്ലെന്ന ആക്ഷേപം ഉയര്‍ന്നതിനിടെയാണ് പ്രതി നന്ദകുമാറിനെ ചോദ്യം ചെയ്തത്. എന്നാല്‍ കേസെടുത്തതിന് പിന്നാലെ മാപ്പ് പറഞ്ഞ നന്ദകുമാര്‍ ഫേസ്ബുക്ക് അക്കൗണ്ട് മരവിപ്പിക്കുകയും ചെയ്തിരുന്നു.

സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥനായിരുന്ന നന്ദകുമാറിന് വിരമിച്ച ശേഷം ഐഎച്ച്ആര്‍ഡിയില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായി പുനഃര്‍ നിയമനം നല്‍കിയിരുന്നു. സര്‍വീസിലിരിക്കെ അധിക്ഷേപം നടത്തിയതിന് പിന്നില്‍ രാഷ്ട്രീയ സ്വാധീനമാണെന്ന ആക്ഷേപം നിലനില്‍ക്കുന്നു. നന്ദകുമാറിനെ സര്‍വീസില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ നേരത്തേ മുഖ്യമന്ത്രിയ്ക്ക് കത്തയച്ചിരുന്നു.