സിപിഎം പ്രവര്‍ത്തകരെ സംഘപരിവാറുകാരായി ചിത്രീകരിച്ച് വാര്‍ത്ത; മീഡിയവണ്‍ എഡിറ്ററുടെ ഭാര്യക്ക് നേരെ സൈബര്‍ ആക്രമണം; പരാതിയില്‍ കേസെടുത്ത് പൊലീസ്

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് വാര്‍ത്താ റിപ്പോര്‍ട്ടിംഗില്‍ സിപിഎം പ്രവര്‍ത്തകരെ സംഘപരിവാറുകാരായി ചിത്രീകരിച്ച് വാര്‍ത്ത നല്‍കിയ സംഭവത്തില്‍ മീഡിയവണ്‍ എഡിറ്ററുടെ ഭാര്യയ്ക്ക് നേരെ സൈബര്‍ ആക്രമണം. സോഷ്യല്‍ മീഡിയയിലെ ആക്രമണം രൂക്ഷമായതോടെ ഇവര്‍ പൊലീസില്‍ പരാതി നല്‍കി. മീഡിയവണ്‍ എഡിറ്റര്‍ പ്രമോദ് രാമന്റെ ഭാര്യയും എറണാകുളം പൊന്നുരുന്നി ജി.എല്‍.പി സ്‌കൂള്‍ അധ്യാപികയുമായ പി. ജയലക്ഷ്മിയാണ് പൊലീസില്‍ പരാതി നല്‍കിയത്.

സമൂഹമാധ്യമങ്ങള്‍ വഴി ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുകയും അശ്ലീല പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്തവരുടെ വിവരങ്ങള്‍ സഹിതമാണ് മരട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. പരാതി ലഭിച്ചിട്ടുണ്ടെന്നും നടപടികള്‍ വേഗത്തിലുണ്ടാവുമെന്നും പൊലീസ് അറിയിച്ചു. ഡി.ജി.പിക്കും കൊച്ചി പൊലീസ് കമ്മീഷണര്‍ക്കും പരാതി നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും ജയലക്ഷ്മി പറഞ്ഞു.

നേരത്തെ, പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ വസ്തുത വിരുദ്ധമായ വാര്‍ത്ത നല്‍കിയതിന്
മീഡിയ വണ്‍ ചാനല്‍ ഖേദം പ്രകടിപ്പിച്ചിരുന്നു. ചുവപ്പ് തലക്കെട്ട് കാവിയായത് ക്യാമറയുടെ തകരാറ് മൂലമാണെന്നും വിഷയം ഗൗരവമാണെന്നും അന്വേഷിക്കുമെന്നും മീഡിയ വണ്‍ പറഞ്ഞിരുന്നു. ആര്‍എസ് എസ് ഗണഗീതത്തിന്റെ താളത്തില്‍ സിപിഐ എമ്മുകാര്‍ പാട്ടുപാടി എന്നത് തെറ്റായ താരതമ്യമാണെന്ന് മനസിലായെന്നും ഗൗരവപൂര്‍വം അന്വേഷിക്കുമെന്നും മീഡിയ വണ്‍ എഡിറ്റര്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞിരുന്നു.

ഭാര്യ സൈബര്‍ ആക്രമണത്തിന് എതിരായി ഒരു പരാതി മരട് പൊലീസിന് നല്‍കിയിട്ടുണ്ടെന്ന് പ്രമോദ് രാമന്‍ അറിയിച്ചു. അതിന്റെ പകര്‍പ്പ് സിറ്റി പൊലീസ് കമ്മിഷണര്‍, ഡി.ജി.പി, മുഖ്യമന്ത്രി എന്നിവര്‍ക്കും അയച്ചിട്ടുണ്ട്. പോലീസ് വീട്ടിലെത്തി ജയയുടെ മൊഴിയെടുത്തു. കേസ് രജിസ്റ്റര്‍ ചെയ്തതായി പിന്നീട് അന്വേഷിച്ചപ്പോള്‍ അറിഞ്ഞു. രണ്ടു പ്രൊഫൈലുകളില്‍ നിന്നാണ് വളരെ സ്‌പെസിഫിക് ആയി സ്ത്രീത്വത്തെ അപമാനിക്കുന്ന പോസ്റ്റുകളും കമന്റുകളും വന്നത്. അതിന്റെ വ്യക്തമായ വിവരങ്ങള്‍ പൊലീസിന് കൈമാറിയിട്ടുണ്ട്. ഫലപ്രദമായ നടപടി ഉണ്ടാകും എന്നാണ് പ്രതീക്ഷയെന്ന് പ്രമോദ് പറഞ്ഞു.