ശ്രീലങ്കയില്‍ വീശിയ ബുറെവി ചുഴലിക്കാറ്റ് ശക്തി ക്ഷയിച്ച് ദുർബലമാകുമെന്നാണ് മുന്നറിയിപ്പെങ്കിലും കേരള തീരത്ത് ജാഗ്രത തുടരുന്നു. ഇന്ന് ഉച്ചയ്ക്ക് ശേഷം ന്യൂനമര്‍ദമായി തെക്കന്‍ കേരളത്തിലെത്തും. തമിഴ്നാട്ടിലെ തൂത്തുക്കുടിയില്‍ നിന്ന് തിരുവനന്തപുരം- കൊല്ലം ജില്ലകളിലെ അതിര്‍ത്തി പ്രദേശങ്ങളിലൂടെയാകും കാറ്റ് വൈകുന്നേരത്തോടെ കേരളത്തിലെത്തുക. തെക്കന്‍ കേരളത്തിലൂടെ സഞ്ചരിച്ച് കാറ്റ് അറബിക്കടലിലേക്കു കടക്കും. ബുറെവി ചുഴലിക്കാറ്റ് സഞ്ചരിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന അഞ്ചു ജില്ലകളിൽ പൊതുഅവധി പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് പൊതുഅവധി. ഈ ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന റെഡ് അലർട്ട് പിൻവലിച്ചു. പത്ത് ജില്ലകളിൽ ഓറഞ്ച് അലർട്ടായിരിക്കുമെന്നാണ് അറിയിപ്പ്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, തൃശൂര്‍, മലപ്പുറം എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. അടുത്ത 3 മണിക്കൂറില്‍ തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കോട്ടയം, പത്തനംതിട്ട, എറണാകുളം,കോഴിക്കോട്,വയനാട് ജില്ലകളില്‍ ചിലയിടങ്ങളില്‍ മഴയ്ക്കു സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
“ബുറെവി” ചുഴലിക്കാറ്റ് മാന്നാര്‍ കടലിടുക്കില്‍, തമിഴ്നാട് രാമനാഥപുരത്തിനടുത്ത് വെച്ച് തന്നെ ശക്തി കുറഞ്ഞ് ഒരു തീവ്ര ന്യൂനമര്‍ദ്ദമായി മാറിയാണ് സഞ്ചരിക്കുന്നത്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഏറ്റവും പുതിയ ബുള്ളറ്റിന്‍ പ്രകാരം അതിതീവ്ര ന്യൂനമര്‍ദ്ദം തമിഴ്‌നാട്ടിലൂടെ സഞ്ചരിച്ച് കൂടുതല്‍ ദുർബലമായി ഒരു ന്യൂനമര്‍ദ്ദമായി മാറി കൊണ്ടായിരിക്കും കേരളത്തിലേക്ക് പ്രവേശിക്കുക. കേരളത്തിലേക്ക് പ്രവേശിക്കുമ്പോള്‍ മണിക്കൂറില്‍ ഏകദേശം 30 മുതല്‍ 40 കിമീ വേഗമാണ് പ്രതീക്ഷിക്കുന്നത്. തിരുവനന്തപുരം ജില്ലയിലെ വടക്ക് കിഴക്കന്‍ മേഖലയിലൂടെ ന്യൂനമര്‍ദ്ദം അറബിക്കടലിലെത്തും.
കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായതോ അതിശക്തമായതോ ആയ മഴക്കുള്ള സാദ്ധ്യതയുണ്ട്. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കടലില്‍ പോകുന്നത് പൂര്‍ണമായും നിരോധിച്ചിരിക്കുന്നു. വിലക്ക് എല്ലാതരം മല്‍സ്യബന്ധന യാനങ്ങള്‍ക്കും ബാധകമായിരിക്കും. ന്യൂനമര്‍ദ്ദത്തിന്റെ വികാസവും സഞ്ചാരപഥവും വിലയിരുത്തി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അനുമതി നല്‍കുന്നത് വരെ കേരള തീരത്ത് നിന്ന് കടലില്‍ പോകാന്‍ അനുവദിക്കുന്നതല്ല.
ന്യൂനമര്‍ദ്ദത്തിന്റെ വികാസവും സഞ്ചാരപഥവും കേന്ദ്ര കാലാവസ്ഥ വകുപ്പും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണ്. മുന്നറിയിപ്പുകളില്‍ വരുന്ന മാറ്റങ്ങള്‍ അപ്ഡേറ്റ് ചെയ്യുന്നതാണ്.