ശക്തമായ മഴ തുടരുന്നു; 50ലധികം വള്ളങ്ങള്‍ കടലില്‍ കുടുങ്ങി

തിരുവനന്തപുരത്ത് നിന്നും കടലില്‍ പോയ 50ല്‍ അധികം മത്സ്യ ബന്ധന വള്ളങ്ങള്‍ കടലില്‍ കുടുങ്ങുയതായി ഫിഷറീസ് വകുപ്പ് സ്ഥിരീകരിച്ചു. 150 ഓളം മത്സ്യ തൊഴിലാളികള്‍ ഇതിലുണ്ടെന്നാണ് സൂചനകള്‍. കനത്ത മൂടല്‍ മഞ്ഞുകാരണം കടല്‍ പ്രക്ഷുബ്ധമായതിനാല്‍ രക്ഷാ പ്രവര്‍ത്തനത്തിന് സാധിക്കുന്നില്ലെന്നാണ് വിവരം.

ചെറിയ ഇടവേളകളില്‍ കനത്ത മഴയുണ്ടാകുന്നതാണ് രക്ഷാ പ്രവര്‍ത്തനത്തെ ബാധിക്കുന്നത്. കൊച്ചിയില്‍ നിന്നും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ ഹെലികോപ്ടറുകള്‍ക്കും ബോട്ടുകള്‍ക്കും കാണാതായ വള്ളങ്ങളുടെ അടുത്തെത്താന്‍ പോലും സാധിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. കടലില്‍ എവിടെ നിന്നാണ് കാണാതായതെന്ന് ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല.

അടിമലത്തറ, വിഴിഞ്ഞം, പൂന്തുറ തുടങ്ങിയ ഭാഗങ്ങളില്‍ നിന്നായി നിരവധി വള്ളങ്ങളാണ് കടലില്‍ മത്സ്യ ബന്ധനത്തിനായി പോയിട്ടുള്ളത്. എത്രയും പെട്ടെന്ന് രക്ഷാപ്രവര്‍ത്തനം നടത്തണമെന്ന് പൂന്തുറ സന്ദര്‍ശിക്കാനെത്തിയ ജെ മെഴ്‌സിക്കുട്ടിയമ്മയോട് ജനങ്ങള്‍ ആവശ്യപ്പെട്ടു.