സര്‍ക്കാര്‍ ലോകായുക്ത ഓര്‍ഡിനന്‍സ് ഇറക്കിയാലും സെക്ഷന്‍ 14 പ്രകാരമുള്ള റിപ്പോര്‍ട്ട് നല്‍കാന്‍ തങ്ങള്‍ക്ക് ഇപ്പോഴും അധികാരമുണ്ടെന്ന് ലോകായുക്ത സിറിയക് ജോസഫ്. അത് പരിഗണിക്കണോ വേണ്ടയോ എന്ന് സര്‍ക്കാര്‍ ആണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
ദുരിതാശ്വാസ നിധിയില്‍നിന്ന് അനര്‍ഹര്‍ക്ക് സഹായം നല്‍കിയെന്ന ഹര്‍ജിയില്‍ വാദം നടക്കുമ്പോഴായിരുന്നു ലോകായുക്തയുടെ ഈ പരാമര്‍ശം. അതേസമയം, മന്ത്രിസഭാ തീരുമാനം ലോകായുക്തയ്ക്ക് ചോദ്യംചെയ്യാനാകില്ലെന്ന് സര്‍ക്കാര്‍ നിലപാടെടുത്തു.
മന്ത്രിസഭ സര്‍ക്കാര്‍ ജീവനക്കാര്‍ അല്ല. അതുകൊണ്ടുതന്നെ സര്‍ക്കാര്‍ ജീവനക്കാര്‍ ആണെങ്കില്‍ മാത്രമേ ലോകായുക്തക്ക് പരിഗണിക്കാന്‍ പറ്റൂ എന്ന് സര്‍ക്കാര്‍ വാദിച്ചു. മന്ത്രിസഭ കൂട്ടായി എടുക്കുന്ന തീരുമാനം ചോദ്യംചെയ്യാന്‍ ലോകായുക്തയ്ക്ക് ആകില്ലെന്നും സര്‍ക്കാര്‍ വാദിച്ചു.
ധനകാര്യത്തെ ബാധിക്കുന്ന വിഷയം മന്ത്രിസഭയില്‍ വെക്കുമ്പോള്‍ ധനമന്ത്രിയുടെ അനുമതി വേണ്ടേ എന്ന് ലോകായുക്ത ചോദിച്ചു. ഈ മൂന്നു തീരുമാനങ്ങളിലും ധനമന്ത്രിയുടെ തീരുമാനം ഇല്ലല്ലോയെന്നും ലോകായുക്ത ചോദിച്ചു.