വാളയാർ പെൺകുട്ടികളുടെ അമ്മയ്ക്കെതിരെ ഫെയ്സ്ബുക്കിൽ അപകീർത്തികരമായി പോസ്റ്റിട്ടതിനെതിരെ അഡ്വ. ഹരീഷ് വാസുദേവന്‍റെ ഓഫീസിലേക്ക് പ്രതിഷേധ പ്രകടനം നടത്തി ദളിത് സംഘടനകൾ. അഡ്വ. ഹരീഷിനെ പോലുള്ള വിഷവിത്തുകൾ സമൂഹത്തിന് അപകടമാണെന്ന് ഗോത്രമഹാസഭാ നേതാവ് എം. ഗീതാനന്ദൻ പറഞ്ഞു. ഹരീഷ് വാസുദേവന്‍റെ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വാളയാർ അമ്മ നീതിയുടെ പ്രതീകമാണ്. അവർ കുറ്റവാളിയാണെന്ന് ആരും വിധിയെഴുതിയിട്ടില്ല. സാധാരണമായൊരു രാഷ്ട്രീയ പ്രസ്താവനയല്ല ഹരീഷ് നടത്തിയത്. വർഗീയതയുടെ വിഷമാണ് ചീറ്റിയത്.
സംഘടിത രാഷ്ട്രീയ പിൻബലമില്ലാത്ത ദുർബല ദളിത് സ്ത്രീയെ പൊലീസ് അധികാര പിന്തുണയും ഉണ്ടെന്ന അഹങ്കാരത്തിൽ ആക്രമിക്കുകയാണ് ഹരീഷ് ചെയ്തത്. അദ്ദേഹം നീതി നിർവഹണത്തിന്‍റെ അൾത്താരയിൽ പ്രവേശിക്കാൻ യോഗ്യനല്ലെന്ന് സ്വയം തെളിയിച്ചിരിക്കുകയാണ്.
2019ൽ അമ്മയ്ക്ക് വേണ്ടി വാദിച്ച വക്കീലാണ് ഹരീഷ്. ഇപ്പോൾ സ്വയം കൂറുമാറി വർഗീയ വിഷം ജ്വലിപ്പിക്കുകയാണ്. ആ അമ്മ ഒറ്റയ്ക്കല്ല. അവരെ ഒറ്റപ്പെടുത്താൻ സമ്മതിക്കില്ല. നീതിക്കു വേണ്ടി തല മുണ്ഡനം ചെയ്ത അമ്മയെ ഹരീഷ് പിന്തുണക്കേണ്ട. അതേസമയം സൈബർ തെരുവിൽ ആക്രമിച്ച നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണ്. എങ്കിലും തുടർഭരണത്തെ പിന്തുണയ്ക്കുന്നവർക്ക് അത് ഒരു ധീരകൃത്യമാണ്.
അഡ്വ. ഹരീഷ് വാസുദേവൻ ഇപ്പോൾ ജാതി വൈകൃത ലോകത്തിന്‍റെ വക്കാലത്തുമായി നടക്കുന്ന ഒരു വക്കീൽ മാത്രമാണ്. വാളയാർ അമ്മയ്ക്കെതിരെ നടത്തിയ ഈ പരാമർശത്തിൻെറ പേരിൽ പട്ടികജാതി – വർഗ പീഡന നിരോധന നിയമപ്രകാരമുള്ള നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Read more
വാളയാർ നീതി സമിതി കൺവീനർ വി.എം. മാർസൻ, സി.എസ്. മുരളി, ജോയി തുടങ്ങിയവർ സംസാരിച്ചു. പ്രതിഷേധം നടക്കുമ്പോൾ ഹരീഷ് വാസുദേവൻ കൊച്ചിയില്‍ ഇല്ലായിരുന്നു.