കെപിസിസി പ്രസിഡൻറായിരുന്നില്ലെങ്കിൽ സുധാകരൻ ബിജെപി പ്രസിഡന്റായേനെ, ശോഭ സുരേന്ദ്രൻ ഒരുകോടി, ഗവര്‍ണർ പോസ്റ്റിന് നല്‍കി; ആരോപണങ്ങളുമായി ദല്ലാൾ നന്ദകുമാർ

കണ്ണൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയുമായ കെ.സുധാകരനും ആലപ്പുഴയിലെ ബിജെപി സ്ഥാനാർത്ഥി ശോഭാസുരേന്ദ്രനുമെതിരെ ആരോപണങ്ങളുന്നയിച്ച് ദല്ലാൾ ടി.ജി നന്ദകുമാർ രംഗത്ത്. കെപിസിസി അധ്യക്ഷനായിരുന്നില്ലെങ്കിൽ കെ. സുധാകരൻ ബിജെപി പ്രസിഡന്റായേനെയെന്ന്‌ ദല്ലാൾ നന്ദകുമാർ പറഞ്ഞു. അതേസമയം ഗവര്‍ണർ പോസ്റ്റിന് ശോഭ ഒരുകോടി നല്‍കിയെന്നും നന്ദകുമാർ ആരോപിച്ചു.

കെപിസിസി പ്രസിഡൻറായിരുന്നില്ലെങ്കിൽ സുധാകരൻ ബിജെപി സംസ്ഥാന അധ്യക്ഷനാകുമായിരുന്നുവെന്ന് കെ.സുധാകരൻ പറഞ്ഞിരുന്നുവെന്ന് ദല്ലാൾനന്ദകുമാർ കൂട്ടിച്ചേർത്തു. സുധാകരൻ ബിജെപിയുടെ ചൂണ്ടിയിൽ വീണതായിരുന്നു. കെപിസിസി അധ്യക്ഷസ്ഥാനം കിട്ടിയതോടെയാണ് അദ്ദേഹം അവിടെനിന്നും പോയത്. പ്രകാശ് ജാവ്ദേക്കർ അദ്ദേഹവുമായി സംസാരിച്ചിരുന്നതായും നന്ദകുമാർ ആരോപിച്ചു. വാർത്താസമ്മേളനത്തിലായിരുന്നു ആരോപണം.

കെ.മുരളീധരനുമായും രമേശ് ചെന്നിത്തലയുമായുമൊക്കെ സംസാരിച്ചിട്ടുണ്ടായിരുന്നു. പി.കെ.കുഞ്ഞാലിക്കുട്ടിക്കുട്ടിയുമായി പ്രധാനമന്ത്രിയുടെ നിർദേശത്തിൽ ശോഭാ സുരേന്ദ്രനാണ് സംസാരിച്ചതെന്നും നന്ദകുമാർ കൂട്ടിച്ചേർത്തു. അതേസമയം തനിക്ക് വിൽക്കാൻ ശ്രമിച്ച ഭൂമി ശോഭാ സുരേന്ദ്രൻ അന്യായമായി തട്ടിയെടുത്തതാണെന്നും നന്ദകുമാർ ആരോപിച്ചു. മോഹൻദാസ് എന്നയാൾ അയാളുടെ ഭാര്യയായ പ്രസന്നയുടെ പേരിലുള്ള ഭൂമി മുക്ത്യാർ വഴി ശോഭാ സുരേന്ദ്രന് നൽകുകയായിരുന്നു. പ്രസന്ന അറിയാതെയാണ് ഈ ഭൂമി നൽകിയത്. ഇതേത്തുടർന്നുള്ള തർക്കം മൂലമാണ് ഭൂമി രജിസ്റ്റർ ചെയ്യാൻ സാധിക്കാതെ വന്നത്. ശോഭാ സുരേന്ദ്രന് ബാങ്ക് വഴി അഡ്വാൻസ് നൽകിയിരുന്നു. അവർ പിന്നീട് ഒഴിഞ്ഞുമാറി നടന്നുവെന്നും ദല്ലാൾ നന്ദകുമാർ പറഞ്ഞു.

ശോഭാ സുരേന്ദ്രൻ ഭൂമി വിറ്റും മറ്റും പണം ഏർപ്പാടാക്കാൻ ശ്രമിച്ചിരുന്നത് പുതുച്ചേരി ലെഫ്റ്റനൻ്റ് ഗവർണർ പദവിക്കായി അവിടുത്തെ മുഖ്യമന്ത്രിക്ക് നൽകാനാണ്. കെ. സുരേന്ദ്രനും വി.മുരളീധരനും ബി.എൽ സന്തോഷും പാർട്ടിയിൽ തഴഞ്ഞതോടെയാണ് ഒരു പദവി നേടിയെടുക്കാൻ ശോഭ ശ്രമം ആരംഭിച്ചത്. പുതുച്ചേരി മുഖ്യമന്ത്രി വഴി ഒരുകോടി രൂപ നൽകിയാൽ ലെഫ്റ്റനന്റ് ഗവർണർ പദവി കിട്ടുമെന്നും പണം ആവശ്യമാണെന്നും ശോഭ തന്നോട് പറഞ്ഞിരുന്നു. 80 ലക്ഷം രൂപ കൈയിലുണ്ടെന്നും ഭൂമിക്ക് അഡ്വാൻസായി 20 ലക്ഷം തന്നാൽ ഗവർണർ പോസ്റ്റിനായുള്ള പണം കൈമാറാമായിരുന്നെന്നും അവർ പറഞ്ഞു. ഞാൻ പത്ത് ലക്ഷമാണ് അഡ്വാൻസായി നൽകിയത്.

Read more

ഭൂമി രജിസ്റ്റർ ചെയ്യാൻ കഴിയാതെവന്നപ്പോൾ രണ്ടു തവണ കത്തയച്ചു. ഫോണിൽ വിളിച്ചിട്ടും എടുക്കാതെയായി. ക്രൈം നന്ദകുമാറിനെ ഒടുവിൽ മധ്യസ്ഥനായി അയച്ച് ബുദ്ധിമുട്ടിക്കരുതെന്നാവശ്യപ്പെട്ടു. പാർലമെന്റ് തിരഞ്ഞെടുപ്പ് വരുമ്പോൾ പണം നൽകാമെന്ന് അവർ അറിയിച്ചു. എന്നാൽ, പണംകിട്ടിയില്ല. ഹവാലക്കാരൻ പണം കൊണ്ടുപോയി. മോഹൻദാസ് എന്നയാളുടെ കെണിയിലാണ് ശോഭാസുരേന്ദ്രൻ. പുതുച്ചേരി ലെഫ്റ്റനന്റ് ഗവർണറെന്ന ഒരിക്കലും നടക്കാത്ത സ്വപ്‌നത്തിനാണ് ശോഭ ഒരു കോടി രൂപ കൊണ്ടുപോയി നൽകിയത്. അതിൽ എൻ്റെ പത്ത് ലക്ഷം രൂപയും പോയെന്നും ദല്ലാൾ നന്ദകുമാർ പറഞ്ഞു.