കലൂർ സ്റ്റേഡിയത്തിലെ ഡാൻസ് പ്രോഗ്രാം; സാമ്പത്തിക ചൂഷണത്തിന് കേസെടുത്ത് പൊലീസ്, സംഘാടകരുടെ മൊഴിയെടുക്കും

മൃദംഗ വിഷൻ സംഘടിപ്പിച്ച കലൂർ സ്റ്റേഡിയത്തിലെ ഡാൻസ് പ്രോഗ്രാമിൽ സാമ്പത്തിക ചൂഷണത്തിന് കേസെടുത്ത് പൊലീസ്. പാലാരിവട്ടം പൊലീസാണ് കേസെടുത്തത്. രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തിരിക്കുന്നത്. നടിയും നർത്തകിയുമായ ദിവ്യ ഉണ്ണിയുടെ മൊഴി അടുത്ത ദിവസം രേഖപ്പെടുത്തും. നടൻ സിജോയ് വർഗീസിനെയും ചോദ്യം ചെയ്യാൻ വിളിപ്പിക്കും. കല്യാൺ സിൽക്സിന്റെയും മൊഴി രേഖപ്പെടുത്തും.

സാമ്പത്തിക ചൂഷണത്തിനാണ് പരിപാടിയുടെ സംഘാടകർക്കെതിരെ കേസെടുത്തിരിക്കുന്നത്. കേസിൽ സംഘാടകരുടെ പണപിരിവിനെ സംബന്ധിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചു. ടിക്കറ്റ് വെച്ച് നടത്തിയ പരിപാടിയിൽ ബുക്ക് മൈ ഷോയിൽ നിന്നും പൊലീസ് വിവരങ്ങൾ തേടും. സ്പോൺസർമാരായ കല്യാൺ സിൽക്സ് അടക്കമുള്ളവരുടെ മൊഴിയാണ് എടുക്കുക. നർത്തകരുടെ വസ്ത്രത്തിന്റെ പേരിൽ പണപ്പിരിവ് നടത്തിയത് തങ്ങൾ വൈകിയാണ് അറിഞ്ഞതെന്ന് കല്യാൺ സിൽക്സ് വാർത്താഗ്രൂപ്പിലൂടെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കല്യാൺ സിൽക്സ് അടക്കമുള്ള സ്പോൺസർമാരെ കാണുന്നത്.

ഗിന്നസ് പരിപാടിക്കായി ഉണ്ടാക്കിയ കരാർ രേഖകൾ അടക്കം ഹാജരാക്കാൻ ദിവ്യ ഉണ്ണിയോട് ആവശ്യപ്പെടും. ബ്രാൻഡിംഗ് പാർട്ണർ എന്ന നിലയിലാണ് സഹകരിച്ചതെന്നാണ് നടൻ സിജോയ് വർഗീസ് അറിയിച്ചിരിക്കുന്നത്. സിജോയ് വർഗീസിന് പണം കൈമാറിയിട്ടുണ്ടോ എന്നും പൊലീസ് പരിശോധിക്കും. ഗിന്നസ് പരിപാടിയുമായി സഹകരിച്ച സിനിമ സീരിയൽ താരങ്ങളുടെയും ഗായകരുടെയും മൊഴിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു.