കളമശേരിയില്‍ പിടിച്ച പഴകിയ ഇറച്ചിയില്‍ അപകടകാരിയായ ഇ കോളി ബാക്ടീരിയ

കളമശേരിയില്‍ പിടിച്ച പഴകിയ കോഴിയിറച്ചിയില്‍ അപകടകാരിയായ ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. ഭക്ഷ്യസുരക്ഷാവകുപ്പ് റീജ്യണല്‍ അനലറ്റിക്കല്‍ ലാബില്‍ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കാക്കനാട് റീജ്യണല്‍ അനലറ്റിക്കല്‍ ലാബില്‍ നടത്തിയ മൈക്രോബയോളജി പരിശോധനയിലാണ് മനുഷ്യജീവനെ അപകടത്തിലാക്കുന്ന ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. സാമ്പിളുകളിലും ഫംഗസ് ബാധയും കണ്ടെത്തി.

ഇ കോളി ബാക്ടീരിയ ശരീരത്തില്‍ പ്രവേശിച്ചാല്‍ വൃക്കകളുടെ പ്രവര്‍ത്തനത്തെയാണ് കാര്യമായി ബാധിക്കുക. പരിശോധനാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഭക്ഷ്യസുരക്ഷാവകുപ്പ് പ്രൊസിക്യൂഷന്‍ നടപടികളിലേക്ക് നീങ്ങാനൊരുങ്ങുകയാണ്.

ഈ മാസം 12നാണ് കളമശേരി നഗരസഭാപരിധിയിലെ കൈപ്പടമുകളിലെ വാടകവീട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച അനധികൃത ഇറച്ചി വില്‍പനശാലയില്‍ നിന്നാണ് അഞ്ഞൂറ് കിലോയിലധികം വരുന്ന പഴകിയ കോഴിയിറച്ചി പിടിച്ചെടുത്തത്.

കളമശേരി എച്ച് എം ടിക്കടുത്ത് കൈപ്പടമുകളിലെ വീട്ടില്‍ ഫ്രീസറില്‍ സൂക്ഷിച്ച നിലയിലാണ് ഇറച്ചി കണ്ടെടുത്തത് ഫ്രീസര്‍ തുറന്നപ്പോള്‍ തന്നെ കടുത്ത ദുര്‍ഗന്ധമായിരുന്നുവെന്നാണ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്. സംസ്ഥാനത്ത് ഹോട്ടലുകളിലേക്ക് വ്യാപകമായി വിതരണം ചെയ്യാന്‍ ഇത്തരത്തില്‍ പഴകിയ ഇറച്ചി എത്തുന്നുണ്ടെന്നാണ് ഭക്ഷ്യാ സുരക്ഷ വകുപ്പിന് ലഭിച്ച വിവരം. ഇതേ തുടര്‍ന്നാണ് റെയ്ഡ് നടന്നത്.

Read more

മലപ്പുറം സ്വദേശി ജൂനൈദ് വാടകക്കെടുത്ത വീട്ടില്‍ നിന്നാണ് 500 കിലോ ചീഞ്ഞളിഞ്ഞ ഇറച്ചി പിടിച്ചെടുത്തത്. സഹിക്കാനാകാത്ത ദുര്‍ഗന്ധം കാരണം അയല്‍പക്കത്തുള്ളവര്‍ പരാതി നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത് . 150 കിലോയോളം പഴകിയ എണ്ണയും ഇവിടെ നിന്ന് പിടിച്ചെടുത്തു