ഐ.ടി വകുപ്പ് സെക്രട്ടറിയായിരുന്ന എം ശിവശങ്കറിന്റെ നിർദ്ദേശപ്രകാരമാണ് ഈന്തപ്പഴം വിതരണം ചെയ്തതെന്ന് സാമൂഹിക നീതി വകുപ്പ്. യു.എ.ഇ കോൺസുലേറ്റ് 9973.50 കിലോഗ്രാം ഈന്തപ്പഴം വിതരണം ചെയ്തു. 250 ഗ്രാം വീതം 39,894 പേർക്ക് നൽകി എന്നും വിവരാവകാശ നിയമ പ്രകാരം സമർപ്പിച്ച ചോദ്യങ്ങൾക്ക് മറുപടിയായി സാമൂഹിക നീതി വകുപ്പ് അറിയിച്ചു. ഏറ്റവും കൂടുതൽ ഈന്തപ്പഴം വിതരണം ചെയ്തത് തൃശൂർ ജില്ലയിലാണ്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ സാമൂഹിക നീതി വകുപ്പ് ഡയറക്ടർ ടിവി അനുപമ കസ്റ്റംസിന് മൊഴി നൽകിയിരുന്നു.
യു എ.ഇ കോൺസുലേറ്റ് വഴി എത്തിയ ഈന്തപ്പഴം എം ശിവശങ്കറിന്‍റെ നിർദേശ പ്രകാരമാണ് സാമൂഹിക ക്ഷേമ വകുപ്പ് വിവിധ അനാഥാലയങ്ങൾക്ക് വിതരണം ചെയ്തതെന്ന് നേരത്തെ കസ്റ്റംസ് കണ്ടെത്തിയിരുന്നു. തുടർന്ന് ശിവശങ്കറിനെ കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. യു.എ.ഇ കോൺസുലേറ്റ് വഴി 2017-ൽ ഈന്തപ്പഴം കേരളത്തിലെത്തിച്ച് വിതരണം ചെയ്തതിന് പിന്നിൽ സ്വർണക്കടത്ത് ബന്ധമുണ്ടോയെന്ന് അന്വേഷണം തുടരുന്നുണ്ട്.
സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷും കൂട്ടുപ്രതികളും ഈന്തപ്പഴ വിതരണത്തിന്‍റെ മറവിൽ സ്വർണക്കടത്ത് നടത്തിയിട്ടുണ്ടോ എന്നും ഈന്തപ്പഴം വിതരണം ചെയ്തതിൽ പ്രോട്ടോക്കോൾ ലംഘനമുണ്ടോ എന്നും കസ്റ്റംസ് പരിശോധിച്ചിരുന്നു.