പണത്തേക്കാളും വലുതാണ് ആ രേഖകള്‍, അതെങ്കിലും തിരിച്ചുകിട്ടണം; നിരാഹാരത്തിനിടെ പണവും ഡയറിയും മോഷണം പോയെന്ന് ദയാബായി

സെക്രട്ടറിയേറ്റില്‍ നടത്തിയ നിരാഹാര സമരത്തിനിടെ തന്റെ 70000 രൂപയും ഡയറിയുമുള്‍പ്പെടെയുള്ള ബാഗ് മോഷണം പോയതായി സമൂഹിക പ്രവര്‍ത്തക ദയാബായി. നിരാഹാരത്തിനിടെ പൊലീസ് ആശുപത്രിയിലേക്ക് മാറ്റിയപ്പോഴാണ് ബാഗ് നഷടപ്പെട്ടതെന്ന് അവര്‍ പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന ആവശ്യമുന്നയിച്ച് നിരാഹാരം നടത്തുന്നതിനിടെ ഒക്ടോബര്‍ 12നാണ് മോഷണം നടന്നത്.

സംഘാടകര്‍ പറഞ്ഞതിനാലാണ് വിഷയത്തില്‍ താന്‍ പരാതിപ്പെടാതിരുന്നതെന്നും ദയാബായി വ്യക്തമാക്കി. നിരാഹാരത്തിനിടെ വൈകിട്ട് നാലിന് പൊലീസെത്തി ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് മാറ്റുമ്പോള്‍ ബാഗ് അവിടെ ഉണ്ടായിരുന്നു. അവാര്‍ഡുകളുടെ സമ്മാനമായി ലഭിച്ച 50,000 രൂപയും മറ്റൊരു 20,000 രൂപയും പഴ്‌സിലുണ്ടായിരുന്നു. ആശുപത്രിയിലേക്കു മാറ്റിയ പൊലീസിനു തന്റെ വസ്തുക്കള്‍ സംരക്ഷിക്കാനുള്ള ബാധ്യതയില്ലേ എന്നും ദയാബായി ചോദിച്ചു.

പണത്തേക്കാളും വലുത് ആ രേഖകളാണ്. അത് തിരിച്ചു കിട്ടണം. ഇക്കാലം കൊണ്ട് പരിചയപ്പെട്ടവരുടെയെല്ലാം നമ്പറുകള്‍ എഴുതിവെച്ച ഡയറി ഉള്‍പ്പെടെയാണ് നഷ്ടപ്പെട്ടത്. അതിന് ജീവനേക്കാള്‍ വിലയുണ്ട്’, ദയാബായി പറഞ്ഞു.

എന്‍ഡോസള്‍ഫാന്‍ രോഗികള്‍ക്ക് കാസര്‍ഗോഡ് ഒരു സെന്റര്‍ പണിയുന്നതിനും അതിനൊപ്പം തനിക്ക് സ്വന്തമായി വീട് പണിയുന്നതിനും വേണ്ടി സ്വരൂപിച്ചു വെച്ചതില്‍പെട്ട പണമാണ് നഷ്ടമായതെന്നും ദയാബായി പറഞ്ഞു.