ഡി ലിറ്റ് വിവാദത്തില്‍ കേരള സര്‍വകലാശാല ഇന്ന് അടിയന്തര സിന്‍ഡിക്കേറ്റ് യോഗം ചേരും. രാഷ്ട്രപതിക്ക് ഡി ലിറ്റ് നല്‍കണമെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ശിപാര്‍ശ കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ തള്ളിയെന്ന് ഗവര്‍ണര്‍ വെളിപ്പെടുത്തിയിരുന്നു. വി.സിക്കെതിരെ ഗവര്‍ണര്‍ ഉന്നയിച്ച ആരോപണങ്ങള്‍ ഇന്നത്തെ യോഗം ചര്‍ച്ച ചെയ്യും. സര്‍വകലാശാല ആസ്ഥാനത്ത് വി.സി വി.പി മഹാദേവന്‍ പിള്ളയുടെ അദ്ധ്യക്ഷതയില്‍ ഇന്ന് ഉച്ചയ്ക്കാണ് യോഗം ചേരുന്നത്.
രാഷ്ട്രപതിക്ക് നല്‍കിയ ഡി ലിറ്റ് സിന്‍ഡിക്കേറ്റ് തളളിയെന്ന് അറിയിച്ച് കേരള സര്‍വകലാശാലയിലെ വിസി ഗവര്‍ണര്‍ക്ക് നല്‍കിയ കത്ത് കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഔദ്യോഗിക നോട്ട്പാഡ് ഉപയോഗിക്കാതെ കൈപ്പടയില്‍ എഴുതിയാണ് കത്ത് നല്‍കിയത്. കത്തിനെ പരാമര്‍ശിച്ച് രണ്ടുവരി തെറ്റില്ലാതെ എഴുതാനറിയാത്ത വ്യക്തി എങ്ങനെ വൈസ് ചാന്‍സലറായി തുടരുമെന്ന ചോദ്യവും ഗവര്‍ണര്‍ ഉന്നയിച്ചിരുന്നു. രാഷ്ട്രപതിക്ക് ഡി ലിറ്റ് നല്‍കണമെന്ന ശിപാര്‍ശ കേരള സര്‍വകലാശാല തള്ളിയത് ബാഹ്യ ഇടപെടല്‍ കാരണമാണെന്നും ഗവര്‍ണര്‍ ആരോപിച്ചിരുന്നു.
ഇതിന് പിന്നാലെ കത്ത് സമ്മര്‍ദ്ദം കൊണ്ട് എഴുതിയെന്ന് സമ്മതിച്ച് കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. വി.പി മഹാദേവന്‍ പിള്ള രംഗത്ത് വന്നിരുന്നു. മനസ്സ് പതറുമ്പോള്‍ കൈവിറച്ച് പോകുന്ന സാധാരണത്വം ഒരു കുറവായി കാണുന്നില്ലെന്നാണ് വി.പി മഹാദേവന്‍ പിള്ള പ്രസ്താവനയില്‍ വിശദീകരിച്ചത്. ഗുരുഭൂതന്‍മാരുടെ നല്ല പാഠങ്ങള്‍ ഉള്‍ക്കൊള്ളാന്‍ പരമാവധി ശ്രമിക്കും. കൂടുതല്‍ പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. ജീവിതത്തിന്റെ ഗ്രാമറും സ്‌പെല്ലിംഗും തെറ്റാതിരിക്കാന്‍ പരമാവധി ജാഗരൂകനാണെന്നും വി.സി വ്യക്തമാക്കി.
സിന്‍ഡിക്കേറ്റ് യോഗം ചേരാതെ ഡി ലിറ്റ് നല്‍കാനുള്ള ശിപാര്‍ശ തള്ളിയത് വിവാദമായിരുന്നു. യോഗം വിളിക്കാതെ ശിപാര്‍ശ തള്ളേണ്ടി വന്നതായി വിസി അറിയിച്ചുവെന്നാണ് ഗവര്‍ണര്‍ പറഞ്ഞത്. മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സംസാരിക്കാനായില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. ഗവര്‍ണറുടെ വെളിപ്പെടുത്തലോടെ സര്‍വകലാശാലയും സര്‍ക്കാരും പ്രതിരോധത്തില്‍ ആയിരുന്നു.