രാഷ്ട്രപതിക്ക് ഡി ലിറ്റ് നല്‍കണമെന്ന ശിപാര്‍ശ സിന്‍ഡിക്കേറ്റ് തള്ളിയ സംഭവത്തില്‍ കേരള സര്‍വ്വകലാശാലയിലെ വിസി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് അയച്ച കത്ത് പുറത്ത്. ഡി ലിറ്റ് നല്‍കണമെന്ന ഗവര്‍ണറുടെ ശിപാര്‍ശ തള്ളിയ വിവരം അറിയിച്ചു കൊണ്ട് കേരള സര്‍വ്വകലാശാല വിസി ഡോ. വി പി മഹാദേവന്‍ പിള്ളയാണ് ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയത്. ഡിസംബര്‍ ഏഴിന് വിസി രാജ്ഭവനില്‍ നേരിട്ട് എത്തിയാണ് കത്ത് നല്‍കിയത്.
രാഷ്ട്രപതിക്ക് ഡി ലിറ്റ് നല്‍കുന്ന കാര്യം ബന്ധപ്പെട്ട് സിന്‍ഡിക്കേറ്റ് അംഗങ്ങളുമായി ചര്‍ച്ച നടത്തി. എന്നാല്‍ സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ അത് നിഷേധിച്ചു എന്നുമാണ് കത്തില്‍ പറയുന്നത്. ഔദ്യോഗിക ലെറ്റര്‍ പാഡ് ഉപയോഗിക്കാതെ വെള്ളക്കടലാസില്‍ സ്വന്തം കൈപ്പടയിലാണ് കത്ത് എഴുതിയിരിക്കുന്നത്. സിന്‍ഡിക്കറ്റ് ചര്‍ച്ച ചെയ്തതിന് ശേഷം സെനറ്റിന്റെ അംഗീകാരത്തിനായി അയയ്ക്കണം. ഇതിന് ശേഷം വിവരങ്ങള്‍ വിസി ഔദ്യോഗികമായി ഗവര്‍ണറെ അറിയിക്കുകയാണ് വേണ്ടത്. എന്നാല്‍ സീലുകളൊന്നും ഇല്ലാത്ത വെള്ളക്കടലാസിലാണ് കത്ത് എഴുതി നല്‍കിയിരിക്കുന്നത്. ഇത് ഗുരുതരമായ ചട്ടലംഘനമാണ്.
വിസിയുടെ കത്ത് ലഭിച്ചതിന് പിന്നാലെയാണ് ചാന്‍സലര്‍ പദവി ഒഴിയുകയാണെന്ന് അറിയിച്ച് ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കത്തയച്ചത്. ഡി ലിറ്റ് ശുപാര്‍ശ സര്‍ക്കാര്‍ തള്ളിയോ എന്ന ചോദ്യത്തിന് രാജ്യത്തിന്റെ യശസ്സിനെ ബാധിക്കുന്ന കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും ഗുരുതരമായ സാഹചര്യമാണ് നിലവില്‍ ഉള്ളത് എന്നുമായിരുന്നു ഗവര്‍ണര്‍ നേരത്തെ പറഞ്ഞിരുന്നത്. ഇതിന് പിന്നാലെ ചോദ്യങ്ങളുന്നയിച്ച് രമേശ് ചെന്നിത്തലയും രംഗത്തെത്തിയിരുന്നു.