കാക്കനാട് കസ്റ്റംസ് ക്വാര്‍ട്ടേഴ്‌സില്‍ അഴുകിയ നിലയില്‍ മൃതദേഹങ്ങള്‍; അന്വേഷണം ആരംഭിച്ച് പൊലീസ്

കാക്കനാട് കസ്റ്റംസ് ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് ദിവസങ്ങള്‍ പഴക്കമുള്ള രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തി. കാക്കനാട് ടിവി സെന്ററിലെ കസ്റ്റംസ് ക്വാര്‍ട്ടേഴ്‌സിലാണ് സംഭവം. ജാര്‍ഖണ്ഡ് സ്വദേശിയായ അഡീഷണല്‍ കസ്റ്റംസ് കമ്മീഷണര്‍ മനീഷ് വിജയുടെ വീട്ടില്‍ നിന്നാണ് രണ്ടു മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

അവധി കഴിഞ്ഞ് ദിവസങ്ങള്‍ പിന്നിട്ടിട്ടും മനീഷ് ജോലിയില്‍ തിരികെ പ്രവേശിക്കാത്തതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ ക്വാര്‍ട്ടേഴ്‌സില്‍ മനീഷിനെ അന്വേഷിച്ച് എത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. വീടിന് അകത്തുനിന്നും വലിയ രീതിയിലുള്ള ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയില്‍ അടുക്കള ഭാഗത്തുനിന്നായി ഒരു സ്ത്രീയുടെ മൃതദേഹം തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടെത്തിയിരുന്നു. അഴുകിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. വീടിന്റെ വാതില്‍ തുറക്കാന്‍ പൊലീസ് ശ്രമം ആരംഭിച്ചിട്ടുണ്ട്. വീടിനകത്തെ മുറിയില്‍ ഒരു മൃതദേഹം കൂടി കണ്ടെത്തിയിട്ടുണ്ടെന്ന് അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു.

Read more

മനീഷിനെ കൂടാതെ ഈ വീട്ടില്‍ മൂത്ത സഹോദരിയും അമ്മയുമാണ് താമസിച്ചിരുന്നത്. കൂടുതല്‍ പേര്‍ വീട്ടിനുള്ളില്‍ ഉണ്ടോ എന്നും പൊലീസ് പരിശോധിക്കുകയാണ്. നിലവില്‍ എന്താണ് മരണകാരണമെന്ന് വ്യക്തമായിട്ടില്ല.