ഇടുക്കി അണക്കെട്ട് അടിയന്തരമായി തുറക്കണമെന്ന് ഡീൻ കുര്യാക്കോസ് എം.പി. ജലനിരപ്പ് 2385 അടിയായി നിജപ്പെടുത്തണം. അണക്കെട്ട് തുറക്കാൻ കാത്തിരുന്ന് പ്രളയ സമാനമായ സാഹചര്യം ഉണ്ടാക്കരുത്. ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാൻ ആവശ്യമായ നടപടി സംസ്ഥാന സർക്കാർ സ്വീകരിക്കണമെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു.
സ്ഥിതി ആശങ്കാജനകമാണ്. വളരെ അടിയന്തരമായി ഡാം തുറന്നുവിട്ട് ജനങ്ങളുടെ പരിഭ്രാന്തി ഒഴിവാക്കണം. ഇപ്പോൾ 2397 അടി പിന്നിട്ടിരിക്കുകയാണ്. റെഡ് അലർട്ട് ആയി. അണക്കെട്ടിലെ ജലനിരപ്പ് 2385 ആകുമ്പോൾ തന്നെ തുറന്ന് വിടണമെന്നാണ് തന്റെ അഭിപ്രായമെന്ന് ഡീൻ കുര്യാക്കോസ് പറഞ്ഞു.
ജലനിരപ്പ് 2385 അടി ആയി നിലനിർത്തുന്നതാണ് സുരക്ഷിതം, അതിനപ്പുറത്തേക്ക് വർദ്ധിപ്പിക്കുന്നത് അപകടകരമാണ്. ഇപ്പോള്‍ അടിയന്തരമായി ഒരു യോഗം കൂടി ചേരുന്നുണ്ട്. സ്വാഭാവികമായും മുമ്പോട്ടുള്ള കാലാവസ്ഥ പ്രവചനം അനുസരിച്ചാണ് കാര്യങ്ങള്‍ തീരുമാനിക്കേണ്ടത്. രണ്ട് ദിവസത്തിന് ശേഷം വീണ്ടും അതിശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നത്. അതുകൊണ്ടു തന്നെ അടിയന്തരമായി ഡാം തുറന്നുവിട്ട് മുന്‍കരുതലുകൾ എടുക്കണമെന്ന് ഡീന്‍ കുര്യാക്കോസ് പറഞ്ഞു.